
തിരുവനന്തപുരം: ബിജെപി അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി സമരരംഗത്തെ ശോഭ സുരേന്ദ്രന്‍റെ അസാന്നിധ്യം. പുനസംഘടനയ്ക്കു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ ശോഭ, പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. അസാന്നിധ്യത്തെ പറ്റി ശോഭയോട് തന്നെ ചോദിക്കണമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍റെ മറുപടി.
സംസ്ഥാന ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ശോഭാ സുരേന്ദ്രന്‍റേത്. എന്നാല്‍ പുനസംഘടനയില്‍ വി മുരളീധരന്‍ വിഭാഗം പിടിമുറുക്കിയതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെട്ടു. കെ സുരേന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ സംഘടനാപരമായി അപ്രസക്തമായ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ശോഭ പരിഗണിക്കപ്പെട്ടത്. ഇതോടെ നേതൃത്വവുമായി പൂര്‍ണമായി അകന്ന ശോഭ മാസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ മാത്രമാണ് രാഷ്ട്രീയ പ്രതികരണങ്ങള്‍ പോലും നടത്തുന്നത്. ദേശീയ ഭാരവാഹിയാക്കാമെന്നതടക്കമുളള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന പരാതി ശോഭാ സുരേന്ദ്രനുണ്ട്. എന്നാല്‍ അതൃപ്തി തല്‍ക്കാലം പരസ്യമായി പ്രകടിപ്പിക്കേണ്ടെന്ന തീരുമാനത്തിലുമാണ് അവര്‍. ശോഭയുടെ അസാന്നിധ്യത്തെ പറ്റിയുളള ചോദ്യത്തോട് അത് ശോഭയോട് തന്നെ ചോദിക്കണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം.
മറ്റൊരു മുതിര്‍ന്ന നേതാവ് എം എസ് കുമാറും സുരേന്ദ്രനോട് ഇടഞ്ഞു നില്‍ക്കുകയാണ്. പാര്‍ട്ടി വക്താക്കളുടെ പാനലില്‍ ഉള്‍പ്പെട്ട എം എസ് കുമാര്‍ നേതൃത്വത്തോടുളള വിയോജിപ്പിനെ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കുന്നില്ല. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പുതിയ പദവികള്‍ നല്‍കാത്തതിലും ഒരു വിഭാഗം പ്രവര്‍ത്തകര്‍ അതൃപ്തരാണ്. കുമ്മനം പക്ഷേ സമരവേദികളില്‍ സജീവമാണ്. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരായ എം ടി രമേശിനും, എ എന്‍ രാധാകൃഷ്ണനും പുനസംഘടനയില്‍ അതൃപ്തിയുണ്ടെങ്കിലും ഇപ്പോള്‍ അല്‍പം അയഞ്ഞിട്ടുണ്ട്.
കേന്ദ്ര നേതൃത്വമാകട്ടെ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി വീണ്ടുമൊരു പുനസംഘടന ഉണ്ടാകുമോ എന്ന കാര്യവും നേതൃത്വം വ്യക്തമാക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam