കോളേജിൽ കിടന്ന് വിളഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ആക്രോശം: എഫ്ഐആറിൽ പറയുന്നത് ..

By Web TeamFirst Published Jul 13, 2019, 1:02 PM IST
Highlights

അഖിലിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. പ്രതികള്‍ കോളേജില്‍ സംഘം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എഫ്ഐആറില്‍ വിശദമാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അഖിലിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് എഫ്ഐആര്‍ വ്യക്തമാക്കി. കോളേജില്‍ കിടന്ന് വിളഞ്ഞാല്‍ കുത്തികൊല്ലുമെടാ എന്ന് പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്ഐആര്‍ വിശദമാക്കുന്നു. 

അഖില്‍ കോളജ് കന്റീനില്‍ ഇരുന്നു പാട്ടുപാടിയതിനെത്തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇതിന്‍റെ പ്രതികാരമായായിരുന്നു അക്രമമെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. 12–ാം തീയതി രാവിലെ പ്രതികള്‍ കോളേജില്‍ സംഘം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം. 

രാവിലെ 10.30ന് കോളേജ് ക്യാംപസിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ഖാനോട് ക്ലാസില്‍ പോകാന്‍ എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈര്‍ഖാന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ നാലാംപ്രതി അദ്വൈത് മുഖത്ത് അടിച്ചു. ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചു വലിച്ചു കീറി. 

പത്ത് മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈര്‍ഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്‍റെ ഭാഗത്ത് തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിന് മുന്നില്‍ വന്നുനിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്ന് ഷര്‍ട്ടില്‍ വലിച്ചു തടഞ്ഞുനിര്‍ത്തി. കോളേജില്‍ കിടന്ന് വിളഞ്ഞാല്‍ കുത്തികൊല്ലുമെടാ എന്ന് പറഞ്ഞായിരുന്നു ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്‍റെ നെഞ്ചിന് ആഞ്ഞു കുത്തിയതെന്നും എഫ്ഐആര്‍ വിശദമാക്കുന്നു.

click me!