
കോട്ടയം: മന്ത്രി സജി ചെറിയാന്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്ന വാര്‍ത്താ ചിത്രത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിലും ചര്‍ച്ച കൊഴുക്കുന്നു. മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്‍റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് സജി ചെറിയാന്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന വാര്‍ത്താ ചിത്രം ''ഹെല്‍മറ്റ് എവിടെ സഖാവേ'' എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് സജി ചെറിയാനെതിരെ മോട്ടോര്‍ വാഹന നിയമത്തിനെ 194(ഡി) വകുപ്പ് അനുസരിച്ച് 500 രൂപ പെറ്റി അടിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഷോണ്‍ കുറിച്ചു.
എന്നാല്‍ ഷോണിന് മറുപടിയുമായി ഇടത് അനുകൂലികള്‍ കമന്‍റ് ബോക്സിലെത്തി. ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത്, ഇതിന് എന്ത് ചെയ്യുമെന്നാണ് ഇടത് അണികളുടെ മറു ചോദ്യം. കേസെടുക്കുന്നെങ്കില്‍ സജി ചെറിയാനെതിരെ മാത്രം പോരാ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഷോണിനെതിരെയും കേസെടുക്കണമെന്നാണ് സൈബര്‍ സഖാക്കള്‍ ആവശ്യപ്പെടുന്നത്.
Read More : 'വെറുതെ പറഞ്ഞാൽ പോരാ, തെളിവുണ്ടോ'; കരുണയ്ക്ക് നൽകിയ സ്വത്തിന്‍റെ തെളിവ് ചോദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് ഒന്നിലേറെ തവണ പെറ്റി അടച്ച ആളാണ് താന്‍ എന്ന് ഷോണ്‍ പ്രതികരിച്ചു. സൈബര്‍ സഖാക്കള്‍ പങ്കുവച്ച എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് താന്‍ പിഴയൊടുക്കിയിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു. കോട്ടയത്ത് ഇന്ധന വില വര്‍ധനയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലും ഹെല്‍മറ്റ് വയ്ക്കാത്തതിന് പെറ്റി ഒടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഹെല്‍മറ്റ് ഇല്ലാതെ മുന്‍ മന്ത്രി വാഹനമോടിച്ചതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതെന്നും ഷോണ്‍ പ്രതികരിച്ചു. സജി ചെറിയാന്‍ പെറ്റി ഒടുക്കാതിരിക്കുകയോ മറ്റാരും സജിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ പറഞ്ഞു.