Citu Strike : ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

Published : Feb 23, 2022, 09:47 AM ISTUpdated : Feb 23, 2022, 10:44 AM IST
Citu Strike : ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

Synopsis

ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്.

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് സിഐടിയുക്കാർ (CITU) പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്.

സിഐടിയു സമരം ചെയ്ത് കടയടച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് തന്നെയായിരിക്കും. വലിയ വാഹനത്തിൽ നിന്ന് വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കായിരുന്നു. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കുമെന്നും ചർച്ചയിൽ ധാരണയായി. ഊരു വിലക്കും പിൻവലിക്കും.

വിവാദമായ മാതമംഗലത്തെ സിഐടിയു സമരം

2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാ‍ർ എന്റർപ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണർ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്.  കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർ കാർഡും വാങ്ങി. എന്നാൽ അന്ന് തന്നെ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു.

Also Read: കടയ്ക്ക് മുന്നിൽ തൊഴിലാളി സംഘടനകളുടെ കുടിൽകെട്ടി സമരം, പൊറുതിമുട്ടി പേരാമ്പ്രയിലെ വ്യാപാരി

പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സിഐടിയു നേതാക്കളുടെ വിശദീകരണം. സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കടുത്തതോടെയാണ് എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ എസ്ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെയാണ് വിഷയം പുറംലോകം അറിയുന്നത്. ഇതിനിടെ, സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‍വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദം കള്ളമാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും എരമം കുറ്റൂർ പഞ്ചായത്ത് വിശദീകരിച്ചിരുന്നു. അതേസമയം സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കം രം​ഗത്തെത്തിയിരുന്നു. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.

Also Read: മാതമം​ഗലത്ത് മാത്രമല്ല, സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ