
കോട്ടയം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പരിമിതി തടസമാകുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക ദുഷ്കരമെന്ന പരാതി പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. അതേസമയം ഫണ്ട് കുറവിന്‍റെ പേരില്‍ മഴക്കാല പൂര്‍വ ശുചീകരണം പ്രതിസന്ധിയിലാകാതിരിക്കാൻ ജനകീയ ശ്രമദാനങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന പഞ്ചായത്തുകളമുണ്ട്.
എല്ലാ വര്‍ഷവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും മുമ്പ് വാര്‍ഡുകളില്‍ ശുചീകരണം നടത്താറുണ്ടെന്നും പണം തികയാത്തത് പ്രതിസന്ധിയാണെന്നും കോട്ടയം വിജയപുരം പഞ്ചായത്തിലെ 13ാം വാര്‍ഡ് മെമ്പര്‍ ലിബി ജോസ് ഫിലിപ്പ് പറയുന്നു.ഇക്കുറി വാര്‍ഡില്‍ ചില ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലം കൂടിയുണ്ട്. മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതിനായി അനുവദിക്കുന്ന പണം തീരെ പരിമിതമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകണമെന്നുമാണ് ലിബിയുടെ ആവശ്യം.
ഒരു പഞ്ചായത്ത് വാര്‍ഡില്‍ 30000 രൂപയാണ് മഴക്കാല പൂര്‍വ ശുചീകരണത്തിന് ചെലവാക്കാവുന്ന പരമാവധി തുക. ഇതില്‍ 10000 രൂപ ശുചിത്വ മിഷന്‍ നല്‍കും. പതിനായിരം പഞ്ചായത്തിന് തനത് ഫണ്ടില്‍ നിന്നെടുക്കാം. ബാക്കി പതിനായിരം ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായി കേന്ദ്രം നല്‍കുന്നതാണ്. പക്ഷേ ഈ തുക യഥാസമയം കിട്ടുന്നില്ലെന്ന പരാതി ചില പഞ്ചായത്തുകൾ എങ്കിലും ഉന്നയിക്കുന്നുമുണ്ട്.
ആദ്യ മഴയില്‍ തന്നെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പഞ്ചായത്തുകളിലൊന്നായ തിരുവാര്‍പ്പില്‍ മഴയെത്തുമുമ്പ് ഇടത്തോടുകളില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മാലിന്യവുമെല്ലാം കോരി വൃത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കികൊണ്ട് പണ പ്രതിസന്ധി മറികടക്കാനാണ് ശ്രമം. പണത്തിന്‍റെ അപര്യാപ്തത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഗ്രാമത്തിലെ മനുഷ്യവിഭവ ശേഷി പ്രയോജനപ്പെടുത്തി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അജയന്‍ കെ മേനോന്‍ പറഞ്ഞു.
പണത്തിന്‍റെ പരിമിതി ഒരു പ്രശ്നമായി നിൽക്കുമ്പോൾ തന്നെ കൃത്യമായ ആസൂത്രണമില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ അവസാന നിമിഷം നടപ്പാക്കുന്ന പദ്ധതികളും കൂടി ചേരുമ്പോഴാണ് ചിലയിടങ്ങളിലെങ്കിലും മഴക്കാലപൂർവ്വ ശുചീകരണം വെറും വഴിപാട് ആയി പോകുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ കാലവര്‍ഷമെത്തിയാല്‍ പലയിടവും വെള്ളത്തില്‍ മുങ്ങുമെന്നറുപ്പാണ്.
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; കേസെടുത്ത് പൊലീസ്, നിര്‍ണായക പത്തോളജിക്കല്‍ ഓട്ടോപ്സി ഇന്ന്