പിപിഇ കിറ്റിനും മാസ്കിനും ക്ഷാമം; പുതുക്കിയ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നം നൽകാനാകില്ലെന്ന് നിർമാതാക്കൾ

By Web TeamFirst Published May 29, 2021, 7:03 AM IST
Highlights

വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സർക്കാർ പുതുക്കി നിശ്ചയിച്ച വിലയിൽ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്ന് മെഡിക്കൽ ഉപകരണ നിർമാതാക്കൾ വ്യക്തമാക്കി. വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.

ബാക്ടീരിയയേയും വൈറസിനേയും പുറന്തള്ളുന്ന തരത്തിൽ തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം. 70 ജി എസ് എം മുതൽ 90 ജി എസ് എം വരെ ഉള്ളതാണ് നിലവാരമുളള പിപിഇ കിറ്റ്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരടക്കം ഉപയോഗിക്കുന്നതും ഇതായിരുന്നു. സർക്കാരിന്റെ വില നിയന്ത്രണം വന്നതിൽ പിന്നെ ഈ തരം പിപിഇ കിറ്റ് കിട്ടാനില്ല. വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീര്‍ന്നാൽ ക്ഷാമം പൂര്‍ണമാകും. നിലവാരം കുറഞ്ഞ 30 ജിഎസ്എം പിപിഇ കിറ്റാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ കിട്ടാനുള്ളത്.

പിപിഇ കിറ്റും മാസ്കുകളും നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തേണ്ടത്. ഇവയ്ക്ക് എൺപത് ശതമാനമാണ് വില കൂടിയത്. ഈ സാഹചര്യത്തിൽ പുതുക്കി നിശ്ചയിച്ച വിലയിലും മാസ്കും പിപിഇ കിറ്റും നൽകാനാവില്ലെന്നാണ് ഉപകരണ നിർമ്മാതാക്കൾ പറയുന്നത്.

എൻ 95 മാസ്ക്, ട്രിപ്പിൾ ലേയർ മാസ്ക്, പിപിഇ കിറ്റ് , സര്‍ജിക്കൽ ഗൗണ്‍ അടക്കം കൊവിഡ് കാലത്ത് വേണ്ട അവശ്യ വസ്തുക്കൾ കിട്ടാത്ത സ്ഥിതി വരുമോയെന്നാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ ആശങ്ക. ഇക്കാര്യങ്ങൾ വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടനയും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും മുഖ്യമന്ത്രി അടക്കമുളളവരെ വീണ്ടും സമീപിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!