
പാലക്കാട്: മണിമലയാറിന്റെ കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്കു പിടിച്ചു കയറ്റിയ ബാല്യകാല സുഹൃത്ത് അന്നമ്മ മാത്യുവിനെ കാണാൻ ശോശാമ്മ മാത്യു മണ്ണാർക്കാടെത്തി. ജീവിത സാഹചര്യങ്ങളിൽ വഴി പിരിഞ്ഞ രണ്ടു സുഹൃത്തുക്കളുടെ നാൽപ്പത്തി അഞ്ച് വർഷത്തിനു ശേഷമുള്ള പുനസമാഗമം സിനിമയുടെ ക്ലൈമാക്സിനെ വെല്ലുന്നതായിരുന്നു.
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കുറുപ്പുഴ അയിരൂതറ ശോശാമ്മ മണിമലയാറിലെ ഒഴുക്കിൽപ്പെട്ടത്. അയൽക്കാരിയും കൂട്ടുകാരിയുമായ അന്നമ്മയും ഒപ്പമുണ്ടായിരുന്നു. അന്നമ്മ പിന്നീടൊന്നും നോക്കിയില്ല. ശോശാമ്മയെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തു ചാടി. മുടിയിലും കയ്യിലും പിടിച്ച് കരയ്ക്ക് എത്തിച്ചു. സ്കൂൾ ജീവിതം കഴിഞ്ഞ് ശോശാമ്മ വിദേശത്ത് നഴ്സായി. അന്നമ്മ വിവാഹിതയായി മണ്ണാർക്കാട് പുല്ലിശ്ശേരിയിലേക്ക് വന്നതോടെ ആ സുഹൃദ്ബന്ധം മുറിഞ്ഞു.
മണിമലയാറിന്റെ ഓളങ്ങളിൽ നിന്നു ജീവിതത്തിലേക്കു പിടിച്ചു കയറ്റിയ അന്നമ്മയെ കാണണമെന്ന ആഗ്രഹം ശോശാമ്മയ്ക്ക് പലപ്പോഴും ഉണ്ടായി. ശോശാമ്മ നാട്ടിലെത്തിയപ്പോൾ അന്നമ്മയുടെ സഹോദരനിൽ നിന്ന് ഫോൺ നമ്പർ വാങ്ങി വിളിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ബാല്യത്തിൽ സുഹൃത്തിനെ പുഴയുടെ ഒഴുക്കിൽ നിന്ന് രക്ഷിച്ച കഥ എപ്പോഴും അന്നമ്മ മക്കളോടും മരുമക്കളോടും പറയാറുണ്ട്. എന്നാൽ അമ്മയുടെ 'തള്ളാ'വുമെന്നാണ് അവർ കരുതിയിരുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സമാഗമത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam