എൻസിപിയെ പ്രശംസിക്കുകയാണ് വേണ്ടത്, കൂടുതൽ പേരെ ഒപ്പം കൂട്ടാൻ ബിജെപിക്ക് കഴിയില്ല: ടിപി പീതാംബരൻ മാസ്റ്റർ

By Web TeamFirst Published Nov 23, 2019, 6:01 PM IST
Highlights
  • എൻസിപി മഹാരാഷ്ട്രയിൽ അതിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്
  • ബിജെപിക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻസിപിയെ പ്രശംസിക്കുകയാണ് വേണ്ടത്
  • അജിത് പവാർ വഴി കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമത്തിൽ ബിജെപി പരാജയപെട്ടു

കൊച്ചി: മഹാരാഷ്ട്രയിൽ അർധരാത്രിയിൽ ബിജെപി ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്തുമെന്ന് കരുതിയില്ലെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടിപി പീതാംബരൻ മാസ്റ്റർ. മഹാരാഷ്ട്രയിൽ ബിജെപിക്കോ ശിവസേനക്കൊ ഒരു സീറ്റ്‌ പോലും അധികം നേടാൻ ആയിരുന്നില്ലന്നും ശിവസേനയെ ബി.ജെ.പിയിൽ നിന്നടർത്തി, ഒരു പുതിയ സർക്കാർ രൂപീകരിക്കാനാണ് എൻ.സി.പി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പുതിയ മുന്നണി രൂപപ്പെടില്ലെന്നാണ് ഇന്നലെ വരെ ബി ജെ പി കരുതിയിരുന്നത്. ഒളിച്ചു നടത്തുന്ന സത്യപ്രതിജ്ഞ പോലെയാണ് ബിജെപി അധികാരത്തിലേറിയത്. അജിത് പവാറിനെ പോലൊരാളെ ബി.ജെ.പി  അവസാനനിമിഷം അടർത്തിയെടുത്തത് ഇതിന്റെ ഭാഗമായാണ്. എൻസിപി മഹാരാഷ്ട്രയിൽ അതിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന് കാണാം," അദ്ദേഹം പറഞ്ഞു.

"ബിജെപിക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻസിപിയെ പ്രശംസിക്കുകയാണ് വേണ്ടത്. ബി ജെ പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല. കൂടുതൽ ആളുകളെ ഒപ്പം കൂട്ടാൻ ബി ജെ പിക്ക് സാധിക്കില്ല. അജിത് പവാർ വഴി കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമത്തിൽ ബിജെപി പരാജയപെട്ടു. സംസ്ഥാന തലത്തിൽ ഒരു ആശയക്കുഴപ്പവും ഇല്ല," എന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

അതേസമയം മുൻ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണൻ പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കരുതിയിരിക്കണമായിരുന്നുവെന്ന പരാമർശവും ശരിയാണ്. അർധരാത്രിയിലെ ഓപ്പറേഷൻ കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ പുതിയ മുഖ്യമന്ത്രിക്ക് രാവിലെ സത്യ പ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിൽ തെറ്റില്ലെന്നായിരുന്നു കെ ശങ്കരനാരായണന്റെ പ്രതികരണം. ഗവർണറുടെ വിവേചനാധികാരം ആണതെന്ന് പറഞ്ഞ അദ്ദേഹം, ബിജെപിക്ക് ആളെക്കൂട്ടാൻ ഇത്രയും ദിവസം നൽകിയത് ശരിയായില്ലെന്നും പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കാതിരിക്കാൻ നോക്കേണ്ടത് പ്രതിപക്ഷമായിരുന്നെന്നും ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി.

click me!