
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ശ്വേത മേനോൻ. `ജയിച്ചതിൽ ഒരുപാട് സന്തോഷം. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ നിന്നും ആരും പിണങ്ങി നിന്നിട്ടില്ല, സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണ്. '- ശ്വേത മേനോൻ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്നുപറഞ്ഞ് ഒറ്റക്കെട്ടായി പോകുമെന്നും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളുവെന്നും അവർ പറഞ്ഞു. കൂടുതൽ തീരുമാനങ്ങൾ ഇനി കൂടാനിരിക്കുന്ന എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ ആയിരിക്കും എടുക്കുന്നത്. വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കാര്യങ്ങളോന്നും നിസ്സാരമായി കാണാൻ പോകുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരൻ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam