
പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പെരുമഴയത്ത് റോഡിൽ കുഴിയടക്കൽ. ദേശീയപാതയിൽ പന്തലാംപാടം പെട്രോൾ പമ്പിന് മുൻവശത്താണ് സംഭവം. ദേശീയപാതയിലെ കുഴികൾക്കെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നു. അതേസമയം, പ്രധാന ടാറിങിന് മുന്നോടിയായി താത്കാലികമായി ടാറിടുന്നതാണെന്നും മഴ സമയത്ത് കുഴിയിൽ വീണ് അപകടമുണ്ടാകാതിരിക്കാനാണിതെന്നുമാണ് കരാർ കമ്പനിയുടെ വിശദീകരണം.
തത്കാലത്തേക്കുള്ള അറ്റകുറ്റപണി മാത്രമാണിതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാൽ, അത് ഇത്രയും കനത്ത മഴയ്ക്കിടെ വേണമായിരുന്നോയെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കോരിചൊരിയുന്ന മഴയിൽ റെയിൻകോട്ടുമിട്ട് തൊഴിലാളികള്‍ റോഡിലെ കുഴിയടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ദേശീയപാതയിലെ പലയിടത്തായുള്ള കുഴികളിൽ വീണ് അപകടം ആവര്‍ത്തിക്കുന്നതിനിടെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ, കനത്ത മഴയ്ക്കിടെയുള്ള കുഴിയടക്കൽ വെറും കണ്ണിൽപൊടിയാൻ വേണ്ടിയുള്ളതാണെന്ന ആരോപണമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.