കൈയ്യുറ, ഇടിക്കട്ട, മുളകുപൊടി...; ശ്യാംജിത് പാനൂരിലെത്തിയത് വിഷ്ണുപ്രിയയെ വധിക്കാൻ തീരുമാനിച്ച്?

Published : Oct 23, 2022, 09:02 AM ISTUpdated : Oct 23, 2022, 09:05 AM IST
കൈയ്യുറ, ഇടിക്കട്ട, മുളകുപൊടി...; ശ്യാംജിത് പാനൂരിലെത്തിയത് വിഷ്ണുപ്രിയയെ വധിക്കാൻ തീരുമാനിച്ച്?

Synopsis

ചുറ്റികയ്ക്കും കത്തിക്കും പുറമെ ബാഗിലുണ്ടായിരുന്ന സാധനങ്ങൾ പ്രതി കൊല നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഈ വീട്ടിൽ വെച്ച് വസ്ത്രം മാറിയാണ് പ്രതി മാനന്തേരിയിലേക്ക് പോയത്

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ല. വീടിനടുത്തെ ചെറിയ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. അതേസമയം പ്രതി വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണ് പാനൂരിലെ വീട്ടിലെത്തിയതെന്ന് ബാഗിലെ വസ്തുക്കൾ കണ്ടാൽ ആർക്കും തോന്നും.

മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി, വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് പ്രതി തന്നെ പൊലീസിന് വിവരം നൽകി. കൊലപാകത കൃത്യം നടത്തിയ ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറിയാണ് പ്രതി പുറത്തേക്ക് പോയത്.

വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. മാനന്തേരിയിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കൊല നടത്തിയ പാനൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആയുധങ്ങൾ വാങ്ങിയ കടകളിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഏറ്റവും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. 

വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ പാനൂരിൽ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്തുള്ള കുടുംബവീട്ടിൽ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു അമ്മ. വസ്ത്രം മാറാനെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ മകൾ മടങ്ങിവരാതായതോടെ തിരഞ്ഞിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'