50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Feb 24, 2020, 9:09 AM IST
Highlights

അനുകരണീയമായ മാതൃകയാണ് ജലീൽ ചെയ്തതെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തിൽ ധീരത കൈവിടാതെ അദ്ദേഹം പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്പലപ്പുഴ: ഫോൺ വിളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തിയ എസ്ഐയ്ക്ക് അഭിനന്ദനം പ്രവാഹം. അമ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ യുവതിയെ  തിരൂർ എസ്ഐ ജലീൽ ആണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

കഴിഞ്ഞ ദിവസം വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ബന്ധുവീട്ടിൽ എത്തിയ യുവതിയാണ് ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ടത്. കിണറ്റിനുള്ളിൽ മരത്തിന്റെ വേരിൽ കുടുങ്ങിക്കിടന്ന യുവതി ഫോണിൽ ബന്ധുക്കളെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ ഫയർഫോഴ്സ് സംഘം പുറപ്പെട്ടുവെങ്കിലും ​ഗതാ​ഗതക്കുരുക്കില്‍ കുടുങ്ങി.

ഇതിനിടെ സ്ഥലത്തെത്തിയ ജലീലും നാട്ടുകാരും കിണറിന് സമീപത്തെ കുറ്റിക്കാടുകൾ വെട്ടിമാറ്റി. പിന്നാലെ ഫയർഫോഴ്സ് എത്തിയപ്പോൾ അവരുടെ കയർ ഉപയോ​ഗിച്ച് എസ്ഐ തന്നെ കിണറ്റിലിറങ്ങി യുവതിയെ വലയിൽ ഇരുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അനുകരണീയമായ മാതൃകയാണ് ജലീൽ ചെയ്തതെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തിൽ ധീരത കൈവിടാതെ അദ്ദേഹം പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീല്‍  2007ലാണ് മലപ്പുറം ഫയർഫോഴ്സിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് 2016ല്‍ കേരളാ പൊലീസില്‍ ചേരുകയായിരുന്നു. ഫയർഫോഴ്സിലെ പരിശീലനമാണ് യുവതിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ജലീൽ പറഞ്ഞു. 

click me!