
കൊല്ലം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകില്ലെന്ന് പ്രസംഗത്തിൽ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദകേട് കാണിക്കേണ്ടി വരികയാണ്. കർണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താൻ കൂടി വേണ്ടതാണ്. മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെയാണ് സിദ്ധരാമയ്യും പിണറായിയും ഒരേ വേദിയിലെത്തുന്നത്.
ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്‌ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരു ശബ്‌ദിച്ചിരുന്നു. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു പ്രവർത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർത്ഥാടകരാകണം. സർവ്വ മത സാഹോദര്യത്തോടെയാകണം എന്ന് നിർദേശം നൽകി. ഗുരുവിൻ്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളെ സിലബസിൽ ചേർക്കുന്നത് ഗുരുവിനെ ധിക്കരിക്കലാണ്. ഒരു മതത്തിൻ്റെ രാഷ്ട്രമെന്ന സങ്കൽപ്പം ഗുരു നിന്ദയാണ്. ഒരു ഭക്തനും അങ്ങനെ പോകില്ലെന്ന് ഉറപ്പാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിന് ശേഷം സിദ്ധരാമയ്യയ്ക്ക് ഉപഹാരം നൽകിയാണ് മുഖ്യമന്ത്രി വേദി വിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam