സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവം; കാപ്പൻ്റെ അഭിഭാഷകൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു

By Web TeamFirst Published May 9, 2021, 4:47 PM IST
Highlights

സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ദില്ലി എയിംസിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ വെള്ളിയാഴ്ച്ചയാണ് രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയത്. 

ദില്ലി: എംയിസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവത്തിൽ കാപ്പൻ്റെ അഭിഭാഷകൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു എന്ന് ചൂണ്ടികാണിച്ചാണ് നോട്ടീസ് അയച്ചത്. കാപ്പൻ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം യുപി പൊലീസ് മറച്ചുവെച്ചുവെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ദില്ലി എയിംസിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ വെള്ളിയാഴ്ച്ചയാണ് രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയത്. മെയ് രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി ഡിസ്ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടും ഈ വിവരം മറച്ചുവെച്ചുവെന്ന് നോട്ടീസിൽ പറയുന്നു. രോഗം ഭേദമായ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഡിസ്ചാർജ് അനുവദിക്കാവു എന്ന കോടതി ഉത്തരവ് ലംഘിച്ചു.  പരിശോധന നടത്താതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയതെന്നും അഭിഭാഷകൻ യുപി സർക്കാരിന് നൽകിയ നോട്ടീസിൽ ആരോപിച്ചു. 

കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പ്രമേഹ രോഗിയായ ഒരാൾ എങ്ങനെ അഞ്ച് ദിവസം കൊണ്ട് കൊവിഡ് മുക്തനായതെന്നാണ് കുടുംബം ചോദിക്കുന്നത്. കാപ്പനെ കാണാൻ അനുവദിക്കണമമെന്ന് ആവശ്യപ്പെട്ട് കാപ്പൻ്റെ ഭാര്യ നൽകിയ അപേക്ഷ യുപി പൊലീസ് ഇനിയും പരിഗണിച്ചിട്ടില്ല. സുപ്രീംകോടതി പരമാർശം ചൂണ്ടിക്കാട്ടി എയിംസിൽ വച്ച് കാണാൻ അനുവദിക്കണമെന്ന് ആവശ്യം നിഷേധിച്ചിരുന്നു.  

click me!