തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര്. ജില്ലാ പ്രസിഡണ്ട് വി വി രാജേഷും എസ് സുരേഷും ജെ ആർ പത്മകുമാറും തമ്മിലായിരുന്നു തർക്കം. ജില്ലയിലെ തോൽവി പാർട്ടിയെ പത്ത് വർഷം പുറകിലേക്കെത്തിച്ചെന്ന് വിമർശിച്ച കെ സുരേന്ദ്രൻ അടിയന്തിരമായി ജില്ലാ കോർ കമ്മിറ്റി യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെച്ചത് തലസ്ഥാനത്ത്. പക്ഷെ കയ്യിലുള്ള നേമം പോയി. പ്രതീക്ഷയുള്ള ഭൂരിപക്ഷം സീറ്റിലും വോട്ട് കുറഞ്ഞു. കനത്ത തോൽവിയിലെ വിഴുപ്പലക്കലുകളായിരുന്നു സുരേന്ദ്രൻറെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗത്തിൽ ഉണ്ടായത്.
മണ്ഡലം പ്രസിഡന്‍റുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ എല്ലായിടത്തും എൻഎസ്എസ് വോട്ടുകൾ ചോർന്നുവെന്നാണ് പ്രധാനവിലയിരുത്തൽ. നെടുമങ്ങാട്ടെ തോൽവിയിലെ റിപ്പോർട്ട് അവതരണത്തിൽ സ്ഥാനാർത്ഥി ജെ ആർ പത്മകുമാറിനെ മണ്ഡലം പ്രസിഡന്‍റ് വിമർശിച്ചു. പിന്നാലെ തനിക്ക് ജില്ലാ നേതൃത്വത്തിൽ നിന്നും വേണ്ട സഹായം കിട്ടിയില്ലെന്ന് പത്മകുമാർ രോഷത്തോടെ മറുപടി നൽകി.
വട്ടിയൂർക്കാവ് ഉപതരെഞ്ഞെടുപ്പ് തോൽവിയാണ് ജില്ലയിലെ പിന്നോട്ടടിക്കുള്ള കാരണമെന്ന ജില്ല് പ്രസിഡണ്ട് വിവി രാജേഷിന്‍റെ പരമാർശത്തിനെതിരെ അന്ന് സ്ഥാനാർത്ഥിയായിരുന്ന എസ് സുരേഷ് തുറന്നടിച്ചു. അന്ന് സീറ്റാഗ്രഹിച്ച രാജേഷ് അടക്കം തന്നെ സഹായിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. ജില്ലയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അടക്കം സുരേഷ് വിശദീകരിച്ചു. ജില്ലയിലെ തോൽവിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അടിയന്തിരമായി കോർ കമ്മിറ്റി ചേർന്ന് വിശദമായ ചർച്ച ചെയ്യാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam