
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാംഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകറിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിലും അക്ഷയുടെ പേരില്ലെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ്. സിദ്ധാര്‍ത്ഥന്‍റെ മരണം വാര്‍ത്തയായത് മുതല്‍ തന്നെ കുടുംബം ആവര്‍ത്തിച്ചുപറയുന്നൊരു പേരാണ് അക്ഷയുടേത്.
സിദ്ധാര്‍ത്ഥനോട് ഏറെ അടുപ്പമുള്ള കൂട്ടുകാരനായിരുന്നു അക്ഷയ് എന്നും എന്നാല്‍ അക്ഷയ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കുന്നതില്‍ മുൻനിരയിലുണ്ടായിരുന്നുവെന്നും കുടുംബം ആദ്യം മുതല്‍ തന്നെ പരാതിപ്പെടുന്നുണ്ടായിരുന്നു.
പൊലീസ് ഇതുവരെ പിടികൂടിയ പ്രതികളിലോ പൊലീസ് റിപ്പോര്‍ട്ടുകളിലോ അക്ഷയ് ഇല്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആന്‍റി റാംഗിംഗ് സ്ക്വാഡിന്‍റെ റിപ്പോര്‍ട്ടിലും അക്ഷയുടെ പേരില്ലാത്തതില്‍ സംശയം പ്രകടിപ്പിക്കുകയാണ് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ്.
അക്ഷയ് കേസില്‍ സാക്ഷിയല്ല, അക്ഷയ്ക്ക് ഇതില്‍ പങ്കുണ്ട്, അക്ഷയ് പ്രതി തന്നെയാണെന്നും ഇന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ആവര്‍ത്തിച്ചു. മകനോട് ഏറെ അടുപ്പമുണ്ടായിരുന്ന കൂട്ടുകാരൻ.അവന് മര്‍ദ്ദനമേറ്റിരുന്നപ്പോഴും ഫോണില്‍ തങ്ങളോട് സംസാരിച്ചയാള്‍, എന്നാല്‍ മകൻ മരിച്ചതിന് ശേഷം അയാളെ കണ്ടിട്ടോ ഫോണില്‍ സംസാരിച്ചിട്ടോ ഇല്ലെന്നും ജയപ്രകാശ് നേരത്തെ വ്യക്തമാക്കിയതാണ്.സിദ്ധാര്‍ത്ഥിന്‍റെ അമ്മയും പലപ്പോഴായി ഇതേ പേര് ആവര്‍ത്തിച്ചുപറയുന്നുണ്ട്.
അതേസമയം അക്ഷയെ ആരൊക്കെയോ ചേര്‍ന്ന് സംരക്ഷിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. നിലവില്‍ അക്ഷയ് എവിടെയാണെന്നത് വ്യക്തമല്ല. ഇത്രയധികം ചര്‍ച്ചയായിട്ടും എന്താണ് ഈ കേസില്‍ അക്ഷയുടെ പങ്ക് എന്നതും വ്യക്തമാകുന്നില്ല. ഇതില്‍ വ്യക്തത വരണമെന്ന് തന്നെയാണ് സിദ്ധാര്‍ത്ഥന്‍റെ കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.
അതേസമയം സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ പോയി കണ്ടു.സിബിഐ അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം കാണിച്ച് മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam