
കൊച്ചി: അപകട ഭീഷണി ഉയര്‍ത്തിയ സൈന്‍ ബോര്‍ഡിനെ കുറിച്ചുള്ള പരിസരവാസിയുടെ പരാതി ഫേസ്ബുക്കിൽ കമന്റായി പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പരാതി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടപടിയെടുത്തത്. നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയില്‍ വീഴുമെന്ന അവസ്ഥയിലാണെന്ന് നിഖില്‍ കെ.എസ് എന്ന പരിസരവാസി മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് താഴെ പരാതി പറയുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ വഴി വിളിച്ചു പറഞ്ഞിട്ടും മെയില്‍ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖില്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഫെയ്‌സ്‌ബുക്കില്‍ പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥര്‍ അപടകവാസ്ഥയില്‍ ഉണ്ടായിരുന്ന സൈന്‍ബോര്‍ഡ് എടുത്ത് മാറ്റുകയും ചെയ്തു. പിന്നാലെ മന്ത്രി നേരിട്ട് കമന്റിന് മറുപടി നൽകുകയും ചെയ്തു. താങ്കളുടെ പരാതിയിൽ ഇടപെട്ടു, ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam