ആശ്വാസമായി കണക്കുകൾ! പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്; 'തിരുവനന്തപുരത്ത് ശക്തമായ പ്രതിരോധം'

Published : Jul 29, 2025, 04:30 PM IST
cobra snake

Synopsis

ആന്റിവെനം ലഭ്യമായ ആശുപത്രികൾ കണ്ടെത്താനും, അടിയന്തര സഹായം തേടാനും ആപ്പ് സഹായിക്കുന്നു. ലൈസൻസുള്ള 3000-ത്തോളം വോളണ്ടിയർമാർ സംസ്ഥാനത്തുടനീളം സർപ്പയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു.

തിരുവനന്തപുരം: സർപ്പ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിച്ചതോടെ പാമ്പു കടിയേറ്റ് മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വനംവകുപ്പ്. പാമ്പു കടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കുന്നതിനുമായി ആരംഭിച്ച സർപ്പ ആപ്പ് ആ​ഗസ്റ്റിൽ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. വനം വകുപ്പ് ലഭ്യമാക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ വർഷം ജില്ലയിൽ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

പാമ്പുകളെ തരംതിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ, ആന്റിവെനം ലഭ്യമായ ആശുപത്രികൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയ വിവരങ്ങളാണ് സർപ്പ ആപ്പിലുള്ളത്. പാമ്പുകളെ പിടികൂടുന്നതിനായി സംസ്ഥാനത്തുടനീളം ലൈസൻസുള്ള 3000ത്തോളം വോളന്റിയർമാർ സർപ്പയ്ക്ക് കീഴിലുണ്ട്. ഇതിൽ ജില്ലയിൽ മാത്രമായുള്ള നൂറോളം സർട്ടിഫൈഡ് വോളന്റിയർമാരിൽ 20 പേർ സജീവമായി ഈ രം​ഗത്ത് പ്രവർത്തിക്കുന്നവരാണ്.

ഉദ്യോഗസ്ഥർ, കൃഷിക്കാർ, ഓട്ടോ ഡ്രൈവേഴ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ വോളന്റിയേഴ്‌സായി പ്രവർത്തിക്കുന്നതായി സർപ്പയുടെ നോഡൽ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപവരെയാണ് സർക്കാർ ചികിത്സാസഹായമായി നൽകുന്നത്. നിയമപരമായി വനത്തിനുള്ളിൽ പ്രവേശിച്ച് പാമ്പുകടിയേറ്റ് മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കിൽ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും.

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം ആന്റി വെനം സ്റ്റോക്ക് ചെയ്യാൻ ജില്ലാ തല നിയന്ത്രണ സമിതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, യു പി എച്ച് സി തൃക്കണ്ണാപുരം, മലയിൻകീഴ് താലൂക്ക് ആശുപത്രി, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം, ഫോർട്ട് താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, യു പി എച്ച് സി മാമ്പഴക്കര, യു പി എച്ച് സി കല്ലാടിമുഖം എന്നിങ്ങനെ 16 ആശുപത്രികളിൽ ജില്ലയിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ പാമ്പു കടിയേറ്റ് ചികിത്സയ്‌ക്കെത്തിയവരിൽ കൂടുതലും പുരുഷന്മാരാണ്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 372 പേരാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ചികിത്സയ്‌ക്കെത്തിയത്. 2025 ജനുവരി മുതൽ ജൂൺ വരെ 226 പേർ ചികിത്സ തേടി.

ആരോഗ്യവകുപ്പിന്റെ കണക്ക് ഇപ്രകാരം

2024 ഏപ്രിൽ - 28( ചികിത്സ തേടിയവരുടെ എണ്ണം )

മെയ് - 51

ജൂൺ - 55

ജൂലൈ - 44

ആഗസ്റ്റ്- 40

സെപ്തംബർ -32

ഒക്ടോബർ - 56

നവംബർ- 39

ഡിസംബർ - 27

2025 ജനുവരി - 26

ഫെബ്രുവരി -34

മാർച്ച് -28

ഏപ്രിൽ- 44

മെയ് -49

ജൂൺ -45

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം