സിൽവർ ലൈന് കണ്ടുവെച്ച കണ്ണൂരിലെ ഭൂമി റെയിൽ പാട്ടത്തിന് നൽകിയതിനെതിരെ ഇടതുപക്ഷം പ്രക്ഷോഭത്തിലേക്ക്

By Web TeamFirst Published Jan 24, 2023, 11:16 AM IST
Highlights

ഭൂമി പാട്ടത്തിന് നൽകുന്നത് വരെ കണ്ണൂർ എംപി കെ സുധാകരൻ എന്ത് ചെയ്യുകയായിരുന്നുവെന്നും എംവി ജയരാജൻ ചോദിച്ചു

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായി കണ്ണൂരിൽ കണ്ടുവെച്ച ഭൂമി റെയിൽവെ പാട്ടത്തിന് നൽകിയ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എല്ലാ വിഭാഗം ബഹുജനങ്ങളെയും അണിനിരത്തി സിപിഎമ്മും എൽഡിഎഫും പ്രക്ഷോഭ പരിപാടി നടത്തും. കണ്ണൂരിലെ സമഗ്ര വികസനത്തിന് ഉതകുന്ന ഭൂമിയാണ് റെയിൽവെ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയത്. ഭൂമി പാട്ടത്തിന് നൽകുന്നത് വരെ കണ്ണൂർ എംപി കെ സുധാകരൻ എന്ത് ചെയ്യുകയായിരുന്നുവെന്നും എംവി ജയരാജൻ ചോദിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയെന്നത് കോൺഗ്രസ് അധികാരത്തിലിരിക്കെ ആരംഭിച്ചതാണെന്ന് എംവി ജയരാജൻ പറഞ്ഞു. കോൺഗ്രസിനേക്കാൾ ജനവിരുദ്ധമായ രീതിയിലാണ് ബിജെപി ആ നയം നടപ്പാക്കുന്നത്. വിമാനത്താവളങ്ങളും വിമാനങ്ങളും വരെ വിറ്റു. ചിലത് പാട്ടം, ചിലത് വിൽപ്പന. രാജ്യം തന്നെ ബിജെപി വിൽക്കുമോയെന്ന് ജനം ഭയക്കുന്നു. ആ മാതൃക കോൺഗ്രസ് തുടങ്ങിവെച്ചതാണ്. 45 വർഷത്തേക്ക് 7 ഏക്കർ ഭൂമിയാണ് കണ്ണൂരിൽ റെയിൽവെ പാട്ടത്തിന് നൽകുന്നത്.

കണ്ണൂരിന്റെ വികസനത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വർഷം എംപി ഒന്നും ചെയ്തില്ല. പികെ ശ്രീമതി ടീച്ചർ കണ്ണൂരിന്റെ വികസനത്തിനായി മുന്നോട്ട് വെച്ച പദ്ധതി പൂർത്തീകരിക്കാൻ ഇപ്പോഴത്തെ എംപി കെ സുധാകരൻ ശ്രമിച്ചിരുന്നെങ്കിൽ ആ ഭൂമി റെയിൽവെ പാട്ടത്തിന് നൽകില്ലായിരുന്നു. പികെ ശ്രീമതി ടീച്ചർ എംപിയായിരിക്കെ നാലും അഞ്ചും പ്ലാറ്റ്ഫോമുകളുടെ നിർമ്മാണത്തിന് ശ്രമം തുടങ്ങിയിരുന്നു. ലിഫ്റ്റുകളും കുടിവെള്ള സംവിധാനം ഉറപ്പാക്കാനും പികെ ശ്രീമതി ടീച്ചർ ഇടപെട്ടു. ആ ശ്രമത്തിന്റെ ഭാഗമായി റെയിൽവെ ബോർഡ് ചെയർമാൻ കണ്ണൂരിലെത്തി ജനപ്രതിനിധികളുടെ യോഗം വിളിച്ചു. അന്ന് പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുന്നതിനടക്കം തീരുമാനമായി. എന്നാൽ പിന്നീട് നിർമ്മാണം നടന്നില്ല.

നാലും അഞ്ചും പ്ലാറ്റ്ഫോമുകളുടെ നിർമ്മാണം നടന്നിരുന്നെങ്കിൽ ഇന്ന് പാട്ടത്തിന് കൊടുക്കാൻ ഭൂമി ഉണ്ടാകുമായിരുന്നില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ശ്രീമതി ടീച്ചർ തുടങ്ങി വെച്ച വികസന പദ്ധതിക്ക് വേണ്ടി കെ സുധാകരൻ എംപി ഒന്നും ചെയ്യാത്തതാണ് റെയിൽവെ ഭൂമി പാട്ടത്തിന് നൽകാൻ ഇടയാക്കിയതെന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.

click me!