'ബിബിസി ഡോക്യുമെൻ്ററി മതസ്പർദ്ധ വളർത്തും, കേരളത്തിലെ പ്രദര്‍ശനം തടയണം,രാജ്യദ്രോഹ പ്രവർത്തനം മുളയിലേ നുള്ളണം '

By Web TeamFirst Published Jan 24, 2023, 10:58 AM IST
Highlights

കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം:ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ.സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.

 

ഡോക്യുമെൻ്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം: വി മുരളീധരൻ 

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍റി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ഡിവൈഎഫ്ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത് എന്നും വി മുരളീധരൻ കുറിപ്പിൽ പറയുന്നു. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്‍റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ഗുജറാത്തിൽ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാൻ ആകുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശം ആണ് നൽകുന്നതെന്നും മന്ത്രി ചോദിച്ചു. ബിജെപിയുടെ വളർച്ചയിൽ അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്‍ററിക്ക് പിന്നിലെന്നും വി മുരളീധരൻ പറഞ്ഞു

 

click me!