
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ കണ്ടത്തിയ കണ്ണൂരിലെ ഭൂമി 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയിൽവേ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി പാട്ടത്തിന് നൽകുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റെയിൽവേ ഭൂമിയും പൊലീസിന്റെ ഭൂമിയുമാണ് കെ റെയിൽ വരുമ്പോൾ കണ്ണൂരിലെ സ്റ്റേഷൻ നിർമിക്കാനായി ഉപയോഗിക്കുക. കെ റെയിൽ ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെയിൽവേ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി വഴി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിന് നൽകാനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്.
ഭൂമി 45 വർഷത്തേക്ക് 26.3 കോടി രൂപയ്ക്കാണ് പാട്ടത്തിന് നൽകുന്നത്. ഈ ഭൂമി പാട്ടത്തിന് നൽകിയാൽ നിലവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ കെ റെയിൽ സ്റ്റേഷൻ എന്ന പദ്ധതി ഉപേക്ഷിക്കേണ്ടി വരും. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിംഗ് സമുച്ചയം ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്ക് വശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമാണത്തിനായും നേരത്തെ പാട്ടത്തിന് നൽകിയിരുന്നു. ടെക്സ് വർത്ത് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam