കണ്ണൂർ: കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂർ ധർമടം പഞ്ചായത്തിൽ സിൽവർ ലൈൻ സർവ്വേക്കായുള്ള കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. നൂറോളം യുഡിഎഫ്, ബി ജെ പി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെയാണ് കല്ലിടൽ ഉപേക്ഷിച്ചത്. അവധി ദിവസമായതിനാൽ അടുത്ത നാല് ദിവസങ്ങളിൽ കല്ലിടൽ ഉണ്ടാകില്ല.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഒരു വീട്ടിൽ ഒഴികെ കല്ലിട്ട ബാക്കിയെല്ലാ സ്ഥലത്തും വലിയ പ്രതിഷേധങ്ങളാണുണ്ടായത്. 2 പേരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് കല്ലിടൽ പൂർത്തിയാക്കാനായത്. എന്നാൽ ഒരു വീട്ടിൽ ഇട്ട കല്ലുകൾ സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതു മാറ്റി. വീട്ടുടമസ്ഥയായ ഒരു സ്ത്രീക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടൽ പൂർത്തിയായതിന് ശേഷം 12.30 ഓടെയാണ് ഉദ്യോഗസ്ഥർ കല്ലിടാനായി ധർമടം പഞ്ചായത്തിൽ പ്രവേശിച്ചത്. എന്നാൽ നിരവധി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി കല്ലിടൽ തടഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടുമെത്തിയെങ്കിലും സമര സമിതി കൂടുതൽ പ്രവർത്തകരെ സ്ഥലത്തെത്തിച്ച് പ്രതിഷേധം ശക്തമാക്കി. സ്ഥലമുടമയായ വൃദ്ധ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അഞ്ച് മണിയോടെ ധർമടം പഞ്ചായത്തിൽ കല്ലുകൾ ഒന്നും ഇടാനാകാതെ കെ റെയിൽ ഉദ്യോഗസ്ഥർ മടങ്ങി. ശനിയും ഞായറും പെരുന്നാൾ അവധി ദിവസങ്ങളും വരുന്നതിനാൽ അടുത്ത നാല് ദിവസം കല്ലിടൽ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റർ കൂടിയാണ് കണ്ണൂർ ജില്ലയിൽ കല്ലിടാൻ ബാക്കിയുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam