KSEB : 15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

By Web TeamFirst Published Apr 29, 2022, 4:52 PM IST
Highlights

മെയ് 3 ന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. അന്ന് സംസ്ഥാനത്ത് വൈദുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും ഉപഭോക്താക്കൾ ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ബി അശോക് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി (KSEB) ചെയർമാൻ ബി അശോക്. മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദുതി വാങ്ങും. പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യതയാണ് ഇത് ഉണ്ടാക്കുന്നത്.  നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും വൈകീട്ട് ആറരക്കും പതിനൊന്നരക്കും ഇടയിൽ 15 മിനുട്ട് വൈദുതി നിയന്ത്രണമുണ്ടാകും. നാളെ ഈ സാഹചര്യം ഒഴിവാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്. കൽക്കരി ക്ഷാമം ഒക്ടോബർ വരെ നീണ്ടേക്കാമെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു. നല്ലളം നിലയത്തിൽ നിന്ന് 90 മെഗാവാട്ട് ലഭിക്കും. കായംകുളം നിലയത്തിൽ നിന്നും ഉത്പാദനം തുടങ്ങും. മെയ് 3 ന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. അന്ന് സംസ്ഥാനത്ത് വൈദുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും ഉപഭോക്താക്കൾ ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ബി അശോക് കൂട്ടിച്ചേര്‍ത്തു.

കൽക്കരിക്ഷാമം  മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിൻറെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിൻ്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിൻ്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു. 

Also Read: പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷേ ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെഎസ്ഇബി ആലോചിക്കുന്നുണ്ട്. രാജ്യത്തെ കൽക്കരി പ്രതിസന്ധി ഒക്ടോബർ വരെ നീളാനുള്ള സാധ്യത എന്നത് മുന്നിൽ കണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം എന്നാണ് ഔദ്യോഗിക അറിയിപ്പ്. ആശുപത്രികളെയും നഗരപ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങളിലടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതലുണ്ടെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്. 

click me!