
തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. 1987ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു എം എസ് നസീം. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു.
നസീമിന്റെ മരണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചനമറിയിച്ചു. അനുഗ്രഹീത ഗായകനും കലാസംഘാടകനുമായിരുന്നു എം എസ് നസീമെന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.