
കോഴിക്കോട്: ഗായകൻ മനോജ് കുമാർ ആനക്കുളം അന്തരിച്ചു. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. സംസ്കാരം ഇന്ന് തന്നെ കോഴിക്കോട് കോർപ്പറേഷൻ മനാരി ശ്മശാനത്തിൽ വച്ച് നടക്കും.
എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ പാട്ടുകൾ പാടി ആസ്വാദകരെ ഹരം കൊള്ളിച്ചിരുന്ന മനോജ് കുമാർ ജൂനിയർ എസ്.പി.ബി എന്ന അപരനാമത്തിലാണ് സംഗീതാസ്വാദകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം എസ്.പി ബാലസുബ്രഹ്മണ്യം അവിചാരിതമായി വിട വാങ്ങിയപ്പോൾ എസ്.പിബിയുടെ വലിയ ആരാധകൻ കൂടിയായ മനോജിനേയും അതേറെ ദുഖത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ എസ്.പി.ബിയുടെ സ്മരണാർത്ഥം നടത്തിയ ഒട്ടനവധി പരിപാടികളിൽ മനോജ് പാടിയിരുന്നു.