തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്

Published : Dec 20, 2025, 01:12 PM ISTUpdated : Dec 20, 2025, 01:18 PM IST
Rathan U Kelkar

Synopsis

സംസ്ഥാനത്ത് 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൽ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും വിമർശനം ഉന്നയിച്ചു. 

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൽ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്. എന്നാൽ യോഗത്തിൽ ഈ കണക്കിനെ ബിജെപി ഒഴികെയുള്ള പാർട്ടികൾ വിമർശിച്ചു. ഫോം നൽകിയിട്ടും തന്നെയും ഭാര്യയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. ഇനി വോട്ടുറപ്പിക്കാൻ ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിന്നാലെ നടക്കണമെന്നും രാജാജി മാത്യു പറഞ്ഞു. 

വോട്ടർമാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള ബിഎൽഒമാരുടെ റിപ്പോർട്ട് കളവാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ വിമർശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 710 പേരെ ഒഴിവാക്കിയെന്ന് കോൺഗ്രസ് പ്രതിനിധി എംകെ റഹ്മാൻ ചൂണ്ടിക്കാട്ടി. എസ്ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാൽ ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാർ തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മറുപടി നൽകി.

നേരത്തെ, കേരളത്തിൽ 25 ലക്ഷം പേർ പുറത്തായെന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ “മറ്റുള്ളവർ” എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നു- ആരാണ് ഈ “മറ്റുള്ളവർ” എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇതിനു മുൻപ് എസ്ഐആർ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസ്സിൽ താഴെയുള്ളവർക്കാകെ (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവർ) വോട്ടർ പട്ടികയിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത്‌ പൂർത്തിയാകാത്തതിനാൽ ഒരു ജില്ലയിൽ ഏകദേശം 2 ലക്ഷം പേർ എന്ന കണക്കിൽ നിലവിൽ വോട്ടർ പട്ടികയിൽ അർഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങൾ പ്രകാരം മനസ്സിലാക്കാൻ. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി.

ബിഎൽഓമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത്‌ അംഗീകരിക്കാതെയാണ് കമ്മീഷൻ തുടർ നടപടികളുമായി മുന്നോട്ടു പോയത്. 2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന അർഹതയുള്ള ഒരു വോട്ടർ പോലും എസ്ഐആർ പ്രകാരം പുതുക്കിയ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാവുന്ന രീതിയിൽ എസ്ഐആർ സംബന്ധിച്ച വിവരങ്ങൾ സുതാര്യമാക്കി വെബ്സൈറ്റിൽ ലഭ്യമാക്കണം.

സംസ്ഥാനത്തെ അർഹരായ വോട്ടർമാരിൽ അവസാനത്തെ ആളെവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ കേരള സർക്കാർ കേസ് ഫയൽ ചെയ്തത്. സുപ്രീം കോടതി തന്നെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ഗൗരവമായെടുക്കുകയും സംസ്ഥാന സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയുള്ള നടപടികൾ പുന:പരിശോധിക്കുകയും അനാവശ്യ തിടുക്കം ഒഴിവാക്കുകയും വേണം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമനം: മുഖ്യമന്ത്രി ഗവർണറുടെ കടുംപിടുത്തങ്ങൾക്ക് വഴങ്ങിയെന്ന വിമർശനം ഉയരുന്നതിനിടെ പ്രതിരോധവുമായി സിപിഎം
ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി