കുട്ടി മരിച്ച സംഭവം: രോഗ വിവരം സിഡബ്ല്യുസിക്ക് അറിയാവുന്നതാണ്; വീഴ്ച പറ്റിയിട്ടില്ലെന്ന് സംരക്ഷണ കേന്ദ്രം

By Web TeamFirst Published Jan 13, 2021, 5:19 PM IST
Highlights

കൊവിഡ് സാഹചര്യമായത് കൊണ്ടാണ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകാതെ ഹോമിയോ ആശുപത്രിയിൽ കാണിച്ചതെന്നും സ്വകാര്യ സംരക്ഷണ കേന്ദ്രം ഉടമ സിസ്റ്റർ ജൂലിയറ്റ് പ്രതികരിച്ചു.
 

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലിരിക്കെ പെൺകുട്ടി മരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സംരക്ഷണ കേന്ദ്രം. കുട്ടിയുടെ രോഗ വിവരം സിഡബ്ല്യുസിക്ക് അറിയാവുന്നതാണ്. അതുകൊണ്ടാണ് പ്രത്യേകമായി അറിയിക്കാതിരുന്നത്. കൊവിഡ് സാഹചര്യമായത് കൊണ്ടാണ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകാതെ ഹോമിയോ ആശുപത്രിയിൽ കാണിച്ചതെന്നും സ്വകാര്യ സംരക്ഷണ കേന്ദ്രം ഉടമ സിസ്റ്റർ ജൂലിയറ്റ് പ്രതികരിച്ചു.

കുട്ടിയുടെ മരണം അറിയിക്കാൻ വൈകി എന്നു പറയുന്നത് ശരിയല്ല.  ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ച ശേഷമേ പറയാൻ കഴിയുകയുള്ളൂ. മരണം സ്ഥിരീകരിച്ച ശേഷം സിഡബ്ല്യുസിയെ  വിവരം അറിയിച്ചുവെന്നും സിസ്റ്റർ ജൂലിയറ്റ് പറഞ്ഞു.  

എറണാകുളത്ത് അച്ഛന്‍റെ പീഡനത്തിനിരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കഴിയുകയായിരുന്ന പതിനാലുകാരിയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ചത്. പൂർണ ആരോഗ്യവതിയായ കുട്ടി എങ്ങനെ പെട്ടെന്ന് മരിച്ചെന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു.

ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിൽ അന്വേഷണം ഉറപ്പ് നൽകാതെ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തൃക്കാക്കര എസിപി നേരിട്ടെത്തി ചർച്ച നടത്തി അന്വേഷണം ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ സമരം അവസാനിപ്പിച്ചത്.  

കുട്ടിയുടെ പോസ്റ്റ്‍മോർട്ടം ഇന്ന് പൂർത്തിയായതേയുള്ളൂ. വിശദമായ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരാതെ മരണ കാരണം അറിയാനാകില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‍ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കൽ രേഖകളിൽ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി പറഞ്ഞു. 

ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം പൊലീസും നൽകുന്നില്ല. 

ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.


 

click me!