പുനർജനി ആരോപണത്തിൽ വിഡി സതീശന്റെ മറുപടിയെ ചൊല്ലി സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

By Web TeamFirst Published Jan 13, 2021, 4:58 PM IST
Highlights

പുതിയ ആരോപണം അല്ലാത്തതിനാൽ ഇതിന് വിഡി സതീശന് മറുപടി നൽകാൻ അവസരം നൽകിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഭരണപക്ഷമാണ് ആദ്യം രംഗത്തെത്തിയത്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വിഡി സതീശൻ പുനർജനി ആരോപണത്തിൽ നിയമസഭയിൽ മറുപടി നൽകിയതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കം. ഇന്നലെ നന്ദിപ്രമേയ ചർച്ചയിൽ ടിവി രാജേഷ് എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. ഇത് പുതിയ ആരോപണം അല്ലാത്തതിനാൽ ഇതിന് വിഡി സതീശന് മറുപടി നൽകാൻ അവസരം നൽകിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഭരണപക്ഷമാണ് ആദ്യം രംഗത്തെത്തിയത്.

വ്യക്തിപരമായ ആരോപണമാണ് വിഡി സതീശനെതിരെ ഉയർന്നതെന്നും അതിനാൽ തന്നെ അംഗത്തിന് മറുപടി പറയാമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ടിവി രാജേഷിന് മറുപടി നൽകി. ഇതിനെ ഭരണപക്ഷം എതിർത്തു. ഇതോടെ പ്രതിപക്ഷവും വാഗ്വാദവുമായി മുന്നോട്ട് വന്നു. ഇതോടെ സഭ അലങ്കോലപ്പെട്ടു. വിഡി സതീശൻ എംഎൽഎ പുനർജനി പദ്ധതിക്ക് വേണ്ടി വിദേശസഹായം സ്വീകരിച്ചുവെന്നാണ് ആരോപണം.

എന്നാൽ പുനർജനി പദ്ധതിയുടെ ഫെസിലിറ്റേറ്റർ മാത്രമായിരുന്നു താനെന്ന് വിഡി സതീശൻ ഇന്നും ആവർത്തിച്ചു. വിദേശത്ത് നിന്ന് താൻ നേരിട്ടോ മറ്റേതെങ്കിലും ഏജൻസി വഴിയോ പണം സ്വീകരിച്ചിട്ടില്ല. വിദേശത്ത് നിന്ന് വ്യവസായികളും വ്യക്തികളും അവർ തെരഞ്ഞെടുത്ത കരാറുകാർക്കാണ് കരാർ കൈമാറിയത്. പ്രൊഫഷണൽ ഏജൻസിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നും വിഡി സതീശൻ വിശദീകരിച്ചു.

ഇരു വിഭാഗവും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ പരിഹാരവുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ രംഗത്തെത്തി. ടിവി രാജേഷിന്റെ ആക്ഷേപവും അതിന് വിഡി സതീശൻ നൽകിയ വിശദീകരണവും പരിശോധിച്ച ശേഷം നിയമസഭ രേഖകളിൽ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതോടെ ഇരുവിഭാഗവും അടങ്ങി.

click me!