സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; പൊലീസെത്തിയ ശേഷം തുറന്നു വിട്ടു

By Web TeamFirst Published Aug 19, 2019, 8:31 AM IST
Highlights

അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആരോപിക്കുന്നു. 

വയനാട്:  സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആരോപിക്കുന്നു. 

രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. പള്ളിയിൽ കുറുബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതിൽ പൂട്ടിതായി കണ്ടത്. ഒടുവിൽ സിസ്റ്റർ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ വിളിച്ചു. പൊലീസെത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ  വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറയുന്നു. 

click me!