Latest Videos

'ദൈവനാമത്തിൽ': സിസ്റ്റർ ലൂസിയുടെ ആത്മകഥ വരുന്നു, 'പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന്' മിൽട്ടൺ

By Web TeamFirst Published Aug 21, 2019, 12:14 AM IST
Highlights

ആത്മകഥയുടെ കയ്യെഴുത്തു പ്രതി മഠത്തിലിരുന്നാൽ നശിപ്പിച്ചു കളയുമെന്ന് സിസ്റ്റർ ലൂസി കളപ്പുര ഭയപ്പെട്ടിരുന്നു. ഇത് വാങ്ങാനാണ് മഠത്തിൽ പോയതെന്ന് മാധ്യമപ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ്. 

വയനാട്: സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ പീഡനം നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ''ദൈവനാമത്തിൽ'' എന്നാകും ആത്മകഥയുടെ പേര്. തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കടക്കം പിന്നിൽ സഭയും ഫ്രാൻസിസ്കൻ സന്യാസസമൂഹവുമുണ്ടെന്ന് സിസ്റ്റർ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഈ പുസ്തകത്തിന്‍റെ കയ്യെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ ഇതിന്‍റെ മാനുസ്ക്രിപ്റ്റ് വാങ്ങാനാണ് പോയതെന്നും കൂടെ തന്‍റെ ഭാര്യ ബിന്ദു മിൽട്ടനും, യെസ് ന്യൂസിന്‍റെ വയനാട് ലേഖകൻ മഹേഷുമുണ്ടായിരുന്നെന്നും മാധ്യമപ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് 'ന്യൂസ് അവറിൽ' വ്യക്തമാക്കി. 

''ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും'', മിൽട്ടൻ ഫ്രാൻസിസ് വ്യക്തമാക്കുന്നു. 

ന്യൂസ് അവറിന്‍റെ പൂർണരൂപം:

അതേസമയം, സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. ഫാദർ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റർ ലൂസി നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. 

കേസിലാകെ ആറ് പ്രതികളുണ്ട്. മദർ സുപ്പീരിയറും പ്രതിപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി. 

വാർത്താശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

''ഒരു പൂട്ടിയിടൽ അപാരത'' എന്നതടക്കമുള്ള പരിഹാസപരാമർശങ്ങളുള്ള വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്‍റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റർ ലൂസിയെ കാണാനെത്തിയവരിൽ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

''എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആർഒയായ ഫാ. നോബിൾ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്നാണ്. എന്നെ കാണാൻ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്‍റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരം നടപടികൾ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവർ പെരുമാറുന്നതെങ്കിൽ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?'', സിസ്റ്റർ ലൂസി ചോദിക്കുന്നു. 

സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തിൽ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടു. ''ഇവിടെ എത്തിയപ്പോഴാണ് സ്ഥിതി ഇത്ര ഗുരുതരമാണെന്ന് മനസ്സിലാകുന്നത്. ആദ്യം സിസ്റ്ററെ അവർ പൂട്ടിയിട്ടു. ഇപ്പോൾ ഭക്ഷണം കൊടുക്കുന്നില്ല. സ്വാതന്ത്ര്യമില്ല. മാനസികമായും ശാരീരികമായും അവരെ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. സിസ്റ്ററിനൊപ്പമുണ്ടാകും. സിസ്റ്ററിന് ആരുമില്ല എന്ന തോന്നൽ വേണ്ട. ഞങ്ങളെല്ലാവരും സിസ്റ്ററിനൊപ്പമുണ്ട്'', സിസ്റ്റർ ലൂസി കളപ്പുരയുടെ ബന്ധു പറയുന്നു. 

click me!