'നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ 'പുസ്‍തകം' തയ്യാറായിട്ടുണ്ട്'; സിസ്റ്റര്‍ ലൂസി കളപ്പുര

By Web TeamFirst Published Dec 1, 2019, 12:48 PM IST
Highlights

സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികള്‍ക്കും അപ്പുറം എത്രയോ യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് സിസ്റ്റര്‍ ലൂസി

തിരുവനന്തപുരം: 'കർത്താവിന്‍റെ  നാമത്തിൽ' എന്ന പുസ്തകത്തിലൂടെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തല്‍ സത്യമെന്ന് ആവര്‍ത്തിച്ച് സിസ്‍റ്റര്‍ ലൂസി കളപ്പുര. നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ സമാനമായ പുസ്‍തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്‍റെയുള്ളില്‍ അവര്‍ അതിന്‍റെ വരികള്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്‍റെ പുസ്‍തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

മതമേലദ്ധ്യക്ഷന്‍മാരില്‍ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്‍തകവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികള്‍ക്കും അപ്പുറം എത്രയോ യാഥാര്‍ത്ഥ്യങ്ങളുണ്ട്. അജണ്ടയുള്ള സ്ത്രീയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ മാറ്റത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് മുന്നേറണമെന്നും സിസ്റ്റര്‍ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കര്‍ത്താവിന്‍റെ നാമത്തില്‍' എന്ന പുസ്‍തകത്തിലൂടെ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി ഉന്നയിച്ചിരിക്കുന്നത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ ലൈംഗിക പീഡനശ്രമം ഉണ്ടായി. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ തന്‍റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. 

click me!