'സഭയുടെ നടപടി ഖേദകരം'; സന്യാസം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

By Web TeamFirst Published Mar 15, 2019, 8:52 AM IST
Highlights

സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയുടെ നടപടി ഖേദകരമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

വയനാട്: പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.  സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുൻപ് നൽകിയ നോട്ടീസിനെല്ലാം കനോൻ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നൽകിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്കെതരെ വീണ്ടും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സിസ്റ്ററുടെ പ്രതികരണം.

സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. 

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രി പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. 

click me!