റിസർവ് ചെയ്ത ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് കയറിയില്ലെങ്കിൽ യാത്രക്കാരുടെ സീറ്റ് നഷ്ടമാകുന്ന പുതിയ നിയമവുമായി റെയിൽവേ.  

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്കായി കർശന നിബന്ധനകളുമായി റെയിൽവേ. റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയില്ലെങ്കിൽ സീറ്റ് ഉടൻ നഷ്ടമാകും. മുൻപ് അടുത്ത രണ്ട് സ്റ്റേഷൻ വരെ ഇളവുണ്ടായിരുന്നുവെങ്കിലും ഇനി മുതൽ അത്തരം ആനുകൂല്യം ലഭിക്കില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പഴയ രീതിയിൽ നിന്നും വ്യത്യസ്ഥമായി ടിടിഇമാർക്ക് നൽകിയിട്ടുള്ള പുതിയ എച്ച്എച്ച്ടി ടാബ്‌ലെറ്റുകൾ വഴി യാത്രക്കാരുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ സാധിക്കും. യാത്രക്കാരൻ ബോർഡിംഗ് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ ടിടിഇ ഉടൻ തന്നെ അത് ടാബ്‌ലെറ്റിൽ രേഖപ്പെടുത്തും. യാത്രക്കാരൻ എത്തിയില്ലെന്ന് രേഖപ്പെടുത്തിയാലുടൻ ആ സീറ്റ് വെയ്റ്റിംഗ് ലിസ്റ്റിലോ ആർഎസിയിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി അനുവദിക്കപ്പെടും. നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകിക്കഴിഞ്ഞാൽ ആ വിവരം നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്വന്തം ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക.

നിശ്ചയിച്ച സ്റ്റേഷനിൽ നിന്ന് കയറാൻ സാധിക്കില്ലെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഐആർസിടിസ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിംഗ് പോയിന്റ് മാറ്റി നൽകേണ്ടതാണ്. അല്ലാത്തപക്ഷം റിസർവ് ചെയ്ത സീറ്റ് നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും.