
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെ പരിശോധന പൂർത്തിയാക്കി എസ്ഐടി. എട്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. വിശദമായ പരിശോധനയാണ് വീട്ടിൽ നടത്തിയത്. കൂടാതെ പ്രാദേശിക തലത്തിലുള്ള ഒരു സ്വർണ്ണപ്പണിക്കാരനെ കൂടെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. വീട്ടിൽ നിന്നും രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം.
സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ, വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടിലെ സ്വർണ്ണം ഉൾപ്പെടെയുള്ള ഉരുപ്പടികൾ എന്നിവ എസ്ഐടി പരിശോധിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞതായാണ് വിവരം. ആദ്യഘട്ടത്തിൽ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് മരുമകൾ ഉൾപ്പെടെയുള്ളവരെ വീട്ടിലേക്ക് കയറാൻ അനുവദിച്ചത്. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് ബന്ധുക്കളോട് എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞു.
ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൗനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി. ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷമേ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് വ്യക്തമാവൂ. നേരത്തേ, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും തന്ത്രി മരുന്ന് കഴിക്കുന്നുണ്ട്.
ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു. തന്ത്രിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam