
കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എസ്.ഐ.ടി തലവന്‍ യു പ്രേമനാണ് കണ്ണൂർ ജെ.എഫ്.സി.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 'കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമശിക്കുന്നുണ്ട്.
വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിന്‍റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമിച്ചന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ആണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്ഐടി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണ കുരുക്കിലാകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam