
കൊച്ചി : ബിജെപിയുടെ (BJP)അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം (CPM) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ചൈനയെ അമേരിക്ക ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. സിപിഐഎം സംസ്ഥാന സമ്മേളം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച യെച്ചൂരി, കേന്ദ്രം ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കുന്നു. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഉയർന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണ്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണം. ദേശീയ തലത്തില രാഷ്ട്രീയ ഇടപെടൽ ശേഷി വർദ്ധിക്കണം. ബിജെപിയെ ഒറ്റപ്പെടുത്താൻ ഇടത് പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് കൊവിഡ് വ്യാപിക്കാൻ കാരണം വാക്സിൻ അസമത്വമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. കൊവിഡ് മരണം കൂടുന്നതിനും ഇത് കാരണമായി. പ്രതിസന്ധി കാലത്തും ഓഹരി കുതിക്കുന്നത് കേന്ദ്ര സർക്കാർ പണമിറക്കുന്നത് കൊണ്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
യുക്രൈൻ അധിനിവേശം റഷ്യ അടിയന്തരമായി അവസാനിപ്പിക്കണം
യുക്രൈൻ അധിനിവേശം റഷ്യ അടിയന്തരമായി അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം നാറ്റോ ട്രൂപ്പുകൾ റഷ്യൻ അതിർത്തിയിലുണ്ട്. അതാണ് റഷ്യയുടെ ആശങ്കയുടെ കാരണം. യുക്രൈനിലെ സാഹചര്യത്തിന് അമേരിക്കയ്ക്ക് പങ്കുണ്ട്. നാറ്റോ ഇടപെടലുണ്ടാകില്ലെന്ന ഉറപ്പ് പാലിച്ചില്ല. നാറ്റോ കിഴക്കൻ യുറോപിലേക്ക് വ്യാപിക്കില്ല എന്ന ഉറപ്പും അമേരിക്ക ലംഘിച്ചു. പുടിൻ സങ്കുചിതമായ ദേശീയ വാദം ശക്തിപ്പെടുത്തി. സോവിയറ്റ് യൂണിയൻ രൂപീകരിക്കുമ്പോൾ തന്നെ യുക്രൈന് സ്വതന്ത്ര പദവി നൽകിയത് ലെനിന്റെർ പിഴവ് എന്ന് പുടിൻ പ്രചരിപ്പിച്ചു. യുക്രൈൻ റഷ്യയുടെ ഭാഗമാകേണ്ടതായിരുന്നു എന്ന പ്രചാരണം പുടിൻ നടത്തിയെന്നും യെച്ചൂരി പറഞ്ഞു. നരേന്ദ്രമോദിയേയും കേന്ദ്ര സർക്കാരിനെയും പരിഹസിച്ച യെച്ചൂരി, യുക്രൈനിൽ ഇന്ത്യക്കാർ കുടുങ്ങിയ സ്ഥിതിയെ 'ഫോട്ടോ ഓപ്പർച്യൂണിറ്റി'ക്ക് വേണ്ടി കേന്ദ്ര സർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി.
ലോകരാജ്യങ്ങളിൽ ചൈനയുടെ ശക്തി വർദ്ധിക്കുകയാണ്. ഇതിനെ അമേരിക്ക ഭയക്കുന്നു. അതിനാൽ ചൈനയെ ഒറ്റപ്പെടുത്തി വളയുക എന്ന തന്ത്രമാണ് അമേരിക്ക ഉപയോഗിക്കുന്നത്. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം വർദ്ധിക്കുന്നു. ഇന്ത്യ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പാർട്നർ ആയി മാറിയിരിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
CPM : ചെങ്കൊടി ഉയർന്നു, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം
മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെ നാല് ദിവസം നീളുന്ന സിപിഎം (CPM)സംസ്ഥാന സമ്മേളനത്തിന് (CPM Kerala State Conference) കൊച്ചി മറൈൻഡ്രൈവിൽ തുടക്കമായി. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടർഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം. പ്രവർത്തന സംഘടനാ റിപ്പോർട്ടുകൾക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.
തടസങ്ങൾ നീക്കി സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സിപിഎം റിപ്പോർട്ട്. പദ്ധതിക്കെതിരെ പ്രചാരണം പെരുപ്പിച്ചുകാട്ടുന്നുവെന്നും വിമർശനമുണ്ട്. ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണം. സ്വത്വ രാഷ്ട്രീയം, ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു.