തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാൻ കേരള നേതാക്കളിൽ ധാരണ. ഇക്കാര്യം ഹൈക്കമാൻഡിനോട് ആവശ്യപ്പെടും. ഇരിക്കൂരിൽ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ മുതിർന്ന നേതാവ് കെ.സി. ജോസഫ് മറ്റൊരു സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെടുക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണക്ക് ശേഷം 25-ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
സിറ്റിംഗ് എംഎൽഎമാരെ മാറ്റിയാൽ തെറ്റായ സന്ദേശം പോകുമെന്ന വിലയിരുത്തലാണ് നേതാക്കൾക്കിടയിലുണ്ടായത്. സിറ്റിംഗ് എംഎൽഎമാരെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുമ്പോൾ ചിലയിടങ്ങളിലെങ്കിലും തിരിച്ചടിയുണ്ടെകുമെന്നും നേതാക്കൾ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ നേതാക്കൾ ധാരണയിലെത്തിയത്.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഹൈക്കമാൻഡിനും ഇതേ അഭിപ്രായമെന്നാണ് വിവരം. എന്നാൽ കെ സി വേണുഗോപാലിന്റെ നിലപാട് നിർണ്ണായകമാണ്. 22 എംഎൽഎമാരാണ് നിലവിൽ കോൺഗ്രസിനുള്ളത്. ഇതിൽ ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.
മറ്റ് എംഎൽഎമാർ അതാത് മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. തൃക്കാക്കര പോലെ ചില മണ്ഡലങ്ങളിൽ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കെതിരെയും കാര്യമായ എതിർപ്പില്ലെന്നാണ് വിലയിരുത്തൽ. സീറ്റ് വിഭജനത്തിന് ശേഷം കെ സി ജോസിഫിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. 25ന് മുൻപ് സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ധാരണ. ഭാവി നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം 25-ന് ചേരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam