
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്‌കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്‌കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം. ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി. ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയെന്ന പരാതിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിദ്യാര്‍ഥികളെ തല്ലിയ പരാതി പൊലീസിന് കൈമാറിയതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും അധ്യാപകര്‍ പറയുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന പരാതി സുപ്രീന കാക്കൂര്‍ പൊലീസിന് കൈമാറി. എന്നാല്‍, ഇത് നിസാര സംഭവമാണെന്ന് സുപ്രീനയുടെ നടപടി ശരിയായില്ലെന്നും സഹ അധ്യാപകര്‍ പറയുകയും സ്റ്റാഫ് മീറ്റിംഗ് വിളിക്കുകയും ചെയ്തു. ഈ യോഗത്തിലേക്കാണ് സുപ്രീനയുടെ ഭര്‍ത്താവും പോലൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകനുമായ ഷാജി അതിക്രമിച്ചു കയറിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
ഷാജിയെ തടയാനുളള ശ്രമത്തിനിടെയാണ് പ്രധാനാധ്യാപകന്‍ പി ഉമ്മറിനടക്കം പരിക്കേറ്റത്. കുട്ടികളെ മര്‍ദ്ദിച്ചെന്ന പരാതി ശരിയല്ലെന്ന് പി ഉമ്മര്‍ പ്രതികരിച്ചു. ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. അതിന് ശേഷമാണ് സുപ്രീന വിവരം പൊലീസിലറിയിച്ചതെന്നും സഹ അധ്യാപകര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥിയുടെ പരാതി അട്ടിറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താന്‍ പൊലീസിന് പരാതി നല്‍കിയതെന്ന് സുപ്രീന വിശദീകരിച്ചു. തന്നോട് മറ്റ് അധ്യാപകര്‍ മോശമായി സംസാരിച്ചതിനാലാണ് ഭര്‍ത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയാണ് സുപ്രീനയും. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താന്‍ സ്‌കൂളിലെത്തിയത് എന്നാണ് ഷാജിയുടെ വിശദീകരണം. എന്തായാലും നാട്ടിലാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് സ്‌കൂളിലെ അധ്യാപകരുടെ കൂട്ടത്തല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam