മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയവരെ അക്രമിച്ച കേസിൽ 6 പേർ അറസ്റ്റിൽ, തുമ്പായത് അക്രമികളിൽ ഒരാളുടെ മൊബൈൽ

Published : Feb 15, 2026, 12:39 PM IST
kasargod arrest

Synopsis

മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തായിരുന്നു അക്രമം നടന്നത്. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു.

കാസർകോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം അറ് പേരെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കണ്ടെത്തിയതാണ് പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

ഉത്തര്‍പ്രദേശ് സ്വദേശികളും പാലക്കാട്ടെ താമസക്കാരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരെ ഇന്നലെ പുലർച്ചെയാണ് ആറംഗ സംഘം അക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കാസർകോട് മഞ്ചേശ്വരത്ത് പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തായിരുന്നു അക്രമം നടന്നത്. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു. തുടർന്ന് വലിയ രീതിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇവർ പറയുന്നു. മർദ്ദനത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു.

ഇരുമ്പ് പൈപ്പും കല്ലും ഉപയോ​ഗിച്ച് തങ്ങളെ അടിച്ചുവെന്നാണ് ഇവർ പരാതിയിൽ പറയുന്നത്. ഉടൻ തന്നെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ രണ്ടുപേരും ചികിത്സ തേടിയിരുന്നു. അറവുശാലയിലേക്ക് ആയിരുന്നു ഇവർ കന്നുകാലികളെ കൊണ്ടുവന്നതെന്നു പറയുന്നു. എല്ലാ ആഴ്ചയും രണ്ട് തവണ ഇത്തരത്തിൽ കന്നുകാലികളെ കൊണ്ടുവരാറുണ്ടെന്ന് അറവുശാല ഉടമയും വ്യക്തമാക്കി. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായതെന്നതിൽ വ്യക്തതയില്ലെന്നും അവർ പറഞ്ഞു. കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയാണ് സംഘം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചത്. പരിക്കേറ്റവരെ എ.കെ.എം അഷ്റഫ് എംഎല്‍എ ആശുപത്രിയിലെത്തി കണ്ടു.

കന്നുകാലികളെ കൊണ്ട് പോകുന്നതിനും മറ്റും കേരളത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ഈ ക്രൂര അക്രമത്തിന്റെ കാര്യം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ല; ആരോ​ഗ്യപ്രശ്നങ്ങളെന്ന് വിശദീകരണം, സതീശന്റെ ജാഥയിലേക്കുമില്ല
സൈനിക ക്യാമ്പിലുള്ളവരും സംശയ നിഴലില്‍, ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ല, അന്വേഷണത്തിന് പ്രത്യേക സംഘം