അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് സിപിഎമ്മുകാര്‍, ഗൂഢാലോചനെയെന്ന് പാര്‍ട്ടി, തെളിവില്ലെന്ന് പൊലീസ്

Published : Dec 24, 2020, 11:17 AM IST
അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് സിപിഎമ്മുകാര്‍, ഗൂഢാലോചനെയെന്ന് പാര്‍ട്ടി, തെളിവില്ലെന്ന് പൊലീസ്

Synopsis

വലിയ വാര്‍ത്തയായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് പറയുന്നത്.  

തിരുവനന്തപുരം: കൊവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം കൊലപ്പെടുന്നതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സിപിഎം ആരോപിക്കുന്നുവെങ്കിലും പ്രാദേശിക പ്രശ്നങ്ങളാണ് പല കൊലപാതകങ്ങൾക്കും കാരണമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. വലിയ വാര്‍ത്തയായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് പറയുന്നത്.

ആഗസ്റ്റ് മുതൽ ഡിസംബര്‍ വരെയുള്ള അഞ്ച് മാസത്തിനിടെ നവംബറിൽ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. ആഗസ്റ്റ് 19-നാണ് കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കുത്തിക്കൊന്നത്. കൊവിഡ് സെൻ്ററിലെ രോഗികൾക്ക് ഭക്ഷണം നൽകി വരുന്നതിനിടെയാണ് സിയാദിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. 

കൊലപാതകത്തിന് പിന്നിൽ കോണ്‍ഗ്രസിൻ്റ ക്വട്ടേഷൻ സംഘമാണെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ആരോപിച്ചെങ്കിലും സിയാദിൻ്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. ഇതേചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉണ്ടായെങ്കിലും പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് മന്ത്രി ജി.സുധാകരൻ പരസ്യമായി പ്രതികരിച്ചതോടെ വിവാദങ്ങൾക്ക് ശമനമായി. 

ഓഗസ്റ്റ് 30 തിരുവോണത്തിന് തലേന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയുമാണ് തിരുവോണതലേന്ന് വെട്ടിക്കൊന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് യുവാക്കളെ കൊന്നതെന്നും, കൊലപാതകത്തിന് മുൻപായി കൊലയാളി സംഘം ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചെങ്കിലും ആ സാധ്യതയിലേക്ക് പൊലീസ് അന്വേഷണം പോയില്ല. ഒരു കോണ്‍ഗ്രസ് നേതാവിനേയും ചോദ്യം ചെയ്തതുമില്ല. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു കോണ്‍ഗ്രസിൻ്റെ ആരോപണം.  

ഒക്ടോബര്‍ നാലിനാണ് തൃശ്ശൂരിൽ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയാളികൾ ആര്‍എസ്എസ് - ബംജ്റഗദൾ പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചെങ്കിലും ഇരു വിഭാഗം തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ 

ഡിസംബര്‍ ആറിന് തദ്ദേശതെരഞ്ഞെടുപ്പിനിടെയാണ് കൊല്ലം മണ്‍റോ തുരുത്തിൽ മണിലാൽ എന്ന സിപിഎം പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. മണിലാലിനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് സിപിഎം ആരോപിച്ചെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഇതിനെല്ലാം ഒടുവിലാണ് ക്രിസ്മസിന് തൊട്ടുപിന്നാലെ മറ്റൊരു രാഷ്ട്രീയ കൊലയുടെ വാര്‍ത്ത കൂടി കേരളം കേൾക്കുന്നത്. 

ഈ സര്‍ക്കാരിൻ്റെ ആദ്യ വര്‍ഷങ്ങളിൽ കണ്ണൂരിലും മലബാര്‍ മേഖലയിലും തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെങ്കിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങൾ ഒഴിച്ചു നിര്‍ത്തിയാൽ ഇവിടെയൊക്കെ സമീപകാലത്ത് സമാധാനം പുലരുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് പൊതുവിൽ ക്രമസമാധാനം ശക്തമാണെന്ന സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും ഇത്രയും ചെറിയ സമയത്തിൽ ഇത്രയേറെ പേര്‍ കൊല്ലപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. പെട്ടെന്നുണ്ടാവുന്ന വാക്ക്തര്‍ക്കങ്ങളും ചെറിയ സംഘര്‍ഷങ്ങളുമെല്ലാം ഒരാളുടെ ജീവനെടുക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. 
 
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആ സമയത്ത് വലിയ രീതിയിൽ ചര്‍ച്ചയായെങ്കിലും കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചപ്പോൾ കൊലയാളികളുടെ പേര് മാത്രമേ പൊലീസ് പറഞ്ഞുള്ളൂ. മണ്‍റോ തുരുത്തിലെ മണിലാലിൻ്റെ കൊലപാതകം നടന്നപ്പോൾ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചെങ്കിലും തൊട്ടുപിന്നാലെ പൊലീസിൻ്റെ എഫ്ഐആറിൽ വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാക്കിയത്. 

സിപിഎം സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോൾ സിപിഎമ്മുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുന്ന അവസ്ഥയിൽ പാര്‍ട്ടിക്കുള്ളിൽ വലിയ അതൃപ്തിയും അമര്‍ഷവും നിലനിൽക്കുന്നുണ്ട്. എന്നാൽ അഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വലിയ പ്രതിഷേധമായി അതൊന്നും പുറത്തേക്ക് വരാത്തത്. ഇതുവരെയുണ്ടായ എല്ലാ കൊലപാതകങ്ങളും കൃത്യമായി അന്വേഷിക്കുകയും തുടര്‍ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അപ്പോഴും ചെറിയ തര്‍ക്കങ്ങൾ പോലും കൊലപാതകത്തിലേക്ക് നീളുന്ന അവസ്ഥ കേരളത്തിലുണ്ട് എന്ന സത്യം പൊലീസിന് വെല്ലുവിളിയും പൊതുജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നതുമാണ്. 

വെഞ്ഞാറമൂട് കൊലപാതകത്തിലെ പൊലീസിൻ്റെ അന്വേഷണ രീതിയോടൊക്കെ പ്രാദേശിക തലത്തിൽ വലിയ എതിര്‍പ്പുയര്‍ന്നെങ്കിലും അഭ്യന്തരവകുപ്പിനെ ചോദ്യം ചെയ്യാൻ സിപിഎമ്മിനകത്ത് ആരും ധൈര്യപ്പെടുന്നില്ല. വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരം ഡിസിസി നേതാക്കളും സംശയനിഴലിൽ വന്നെങ്കിലും അതിൽ ഒരു ചര്‍ച്ച സൃഷ്ടിക്കാൻ പോലും  സിപിഎമ്മിന് സാധിച്ചില്ല. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടാവുന്ന കൊലപാതകങ്ങളിൽ ഉന്നത ഗൂഢാലോചന ആരോപിച്ച് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നേരത്തെ മുതൽ ആരോപിച്ചിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ചെറിയ ചൂരൽ പ്രയോഗം ആവാം'; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസ്: സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കാൻ എസ്ഐടി ഇന്ന് വീണ്ടും ശബരിമലയിലെത്തും; കെ.എസ് ബൈജുവിന്‍റെ ഹർജിയിൽ വിധി ഇന്ന്