സജീവന്‍റെ മരണം; ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്, ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍

Published : Feb 20, 2022, 08:23 AM ISTUpdated : Feb 20, 2022, 01:11 PM IST
സജീവന്‍റെ മരണം; ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്, ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സജീവന്‍ (Sajeevan Suicide) എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ  ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സർക്കാര്‍ സസ്പെന്‍റ് ചെയ്തത്. സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പറവൂര്‍ മാല്യങ്കര സ്വദേശിയായ മൽസ്യത്തൊഴിലാളി സജീവന്‍ കഴിഞ്ഞമാസം നാലിനാണ് ആത്മഹത്യ ചെയ്തത്. ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാന്‍ ഒരുവര്‍ഷം സജീവന്‍ സര്‍ക്കാര്‍ ഒഫീസുകള്‍ കയറിയിറങ്ങി. 

ഏറ്റവും ഒടുവില്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ സജീവനെ അപമാനിച്ച് ഇറക്കിവിട്ടു. തുടര്‍ന്ന് രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവം വന്‍ വിവാദം ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറെ അന്വേഷണത്തിന നിയോഗിച്ചു. സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആര്‍ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തത്. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജൂനിയര്‍ സൂപ്രണ്ട് സി ആർ ഷനോജ് കുമാർ, സീനിയര്‍ ക്ലര്‍ക്കുമാരായ സി ജെ ഡെൽമ, ഒ ബി അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, ടൈപ്പിസ്റ്റുകളായ കെ സി നിഷ, ടി കെ ഷമീം എന്നിവരാണിവര്‍. 

തുടക്കം മുതല്‍ തന്നെ അപേക്ഷ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. തപാല്‍ സെകഷനില്‍ നിന്ന് അപേക്ഷ സ്കാന്‍ ചെയ്ത ബന്ധപ്പെട്ട സെക്ഷനിലേക്ക് നല്‍കുന്നതില്‍ ടൈപ്പിസ്റ്റുകള്‍ 81 ദിവസത്തെ കാലതമാസം വരുത്തി. സെക്ഷന്‍ ക്ലര്‍ക്ക് ഡെല്‍മ, മേല്‍നടപടി സ്വീകരിക്കാതെ 78 ദിവസം ഇന്‍ബോക്സില്‍ സൂക്ഷിച്ചു. സജീവന് നോട്ടീസ് നല്‍കുന്നതില്‍ ക്ലര്‍ക്ക് ഒ ബി അഭിലാഷ് കാലതാമസം വരുത്തി. കാലതാമസം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതില്‍ ജൂനിയര്‍ സൂപ്രണ്ട് സി ആര്‍ ഷനോജ് കുമാര്‍ വീഴ്ച്ച വരുത്തി. സെക്ഷന്‍റെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് അസ്ലമും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം