കോഴിക്കോട് കെയര്‍ ഹോമിലെ ആറ് വയസുകാരന്‍റെ മരണം; പൊലീസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Jan 25, 2020, 3:09 PM IST
Highlights

വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ കിടപ്പുമുറിയില്‍ രാവിലെ ഏഴുമണിക്കാണ്  മരിച്ച നിലയില്‍ കാണുന്നത്.

കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.  കുട്ടിയെ പരിചരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യനീതിവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം തുടങ്ങി. 

വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസി ( Home For Mentally Deficient Children) യിലെ കിടപ്പുമുറിയില്‍ രാവിലെ ഏഴുമണിക്കാണ്  മരിച്ച നിലയില്‍ കാണുന്നത്. ഓട്ടിസം ബാധിച്ച കുട്ടിയെ പ്രഭാത കൃത്യങ്ങളില്‍ സഹായിക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കാണുന്നത്.  വിവരം ഇവര്‍ പൊലീസിലറിയിച്ചു. പരിശോധനയില്‍ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്നാണ് സംശയവും പൊലീസിനുണ്ട്. കുട്ടിയെ പരിചരിക്കുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യനീതിവകുപ്പും അന്വേഷണം തുടങ്ങി.

കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവിധ മാനസിക പ്രശ്നങ്ങളുള്ള കുട്ടികളെ ഒരേ മുറിയില്‍  പാര്‍പ്പിക്കരുതെന്ന് നിയമുണ്ടെങ്കിലും ഹോം അധികൃതര്‍ ഇത് പാലിച്ചില്ലെന്നാണ് ബാലക്ഷേമസമിതിക്ക് ലഭിച്ച വിവരം ഇതെ തുടര്‍ന്ന് സിഡബ്യുസിയും കേസെടുത്തു.

click me!