സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. ബാപ്പുവിന്റെ വീട്ടിലെ സിസിടിവികളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മാനന്തവാടി: മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പൊലീസ്. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് പെട്രോൾ വാങ്ങിയത് എന്ന് നജ്മത്ത് മൊഴി നൽകി. ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയില്ലായിരുന്നു എന്നും മൊഴി നൽകിയതായി സൂചനയുണ്ട്. സജീറിന്റെ ഭാര്യയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. ബാപ്പുവിന്റെ വീട്ടിലെ സിസിടിവികളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം, താൻ നിരപരാധിയാണന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ആരോപണവിധേയനായ എന്ന് ഇ സി ബാപ്പു വാർത്താക്കുറിപ്പിൽ അറിയിച്ചു. തന്റെ കെട്ടിടം സജീറിന് വാടകയ്ക്ക് നൽകിയതാണെന്നും മാസങ്ങളായി വാടക നൽകാറുണ്ടായിരുന്നില്ലെന്നും ബാപ്പു പറയുന്നു. മൂന്നുവർഷമായി താനാണ് കട നടത്തുന്നത്. സജീറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകിയെന്നും ബാപ്പു വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കാറിൽ തീകൊളുത്തി കുടുംബം കൂട്ട ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ സ്വദേശി സജീർ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീർ പുറത്തുവിട്ട വീഡിയോയിൽ മാനന്തവാടി സ്വദേശിയായ വ്യാപാരി ഇ സി ബാപ്പുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് മാനന്തവാടിയിലെ എരുമതെരുവിൽ വച്ച് സജീറും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സജീറിനൊപ്പം ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. കാറിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആയിരുന്നു ആത്മഹത്യാ ശ്രമം. ആരോപണ വിധേയനായ ബാപ്പുവിന്റെ വീടിന് മുന്നിൽ വച്ചായിരുന്നു കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ നജുമത്തിന് നാൽപതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആദ്യം വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്ക് പരിക്കേറ്റിട്ടില്ല. വാഹനം കത്തുന്നതും ശബ്ദവും കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു.
മരണത്തിന് കാരണം മാനന്തവാടി സ്വദേശിയായ ഇസി ബാപ്പു ആണെന്ന് സജീർ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തൻറെ കെട്ടിടം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ വഞ്ചന ഉണ്ടായെന്നാണ് വീഡിയോയിൽ സജീറിന്റെ ആരോപണം. പൂജക്കല്ല് സ്വദേശിയായ റഫീഖ് എന്ന ആൾക്കെതിരെയും വീഡിയോയിൽ ആരോപണമുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തിന്റെ കണക്കും സജീർ പുറത്തുവിട്ടിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.



