വനിതകൾക്ക് സീറ്റ് നൽകാത്തതിൻ്റെ പാപഭാരം മതസംഘടനകളുടെ മേൽ കെട്ടിവയ്ക്കരുത്: ലീഗിനെതിരെ എസ്.കെ.എസ്.എസ്.എഫ്

Published : Mar 08, 2021, 12:09 PM IST
വനിതകൾക്ക് സീറ്റ് നൽകാത്തതിൻ്റെ പാപഭാരം മതസംഘടനകളുടെ മേൽ കെട്ടിവയ്ക്കരുത്: ലീഗിനെതിരെ എസ്.കെ.എസ്.എസ്.എഫ്

Synopsis

സമൂഹത്തിൻ്റെ നല്ല പാതിയാണ് സ്ത്രീ. ദാമ്പത്യത്തിൽ അവരെ ഭാര്യ എന്നു വിളിക്കുന്നതിനു പകരം 'ഇണ' എന്നു വിശേഷിപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ്ലാമിൻ്റെ സന്ദേശം സ്വീകരിച്ച പ്രഥമ വിശ്വാസി ഒരു പെണ്ണായിരുന്നു. 

കണ്ണൂര്‍: വനിതാ പ്രാതിനിധ്യത്തിൽ മുസ്ലീം ലീ​ഗിനെ പരോക്ഷമായി വിമർശിച്ച്. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് സീറ്റ് നൽകാൻ സാധിക്കാത്തതിൻ്റെ പാപഭാരം മതസംഘടനകളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് മുസ്ലീം ലീ​ഗെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു. 

വനിതകൾക്ക് സീറ്റ് കൊടുക്കാത്തത് മത സംഘടനകളുടെ അഭിപ്രായം പരിഗണിച്ചാണെന്ന മുസ്ലീം ലീ​ഗിൻ്റെ നിലപാട് ഒളിച്ചോട്ടമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. അനിവാര്യ ഘട്ടങ്ങളിൽ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ മതസംഘടനകളൊന്നും എതിർത്തിട്ടില്ല. സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വമെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സത്താർ പന്തല്ലൂർ പറഞ്ഞു. 

സത്താർ പന്തല്ലൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

വനിത ദിനം

സമൂഹത്തിൻ്റെ നല്ല പാതിയാണ് സ്ത്രീ. ദാമ്പത്യത്തിൽ അവരെ ഭാര്യ എന്നു വിളിക്കുന്നതിനു പകരം 'ഇണ' എന്നു വിശേഷിപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ്ലാമിൻ്റെ സന്ദേശം സ്വീകരിച്ച പ്രഥമ വിശ്വാസി ഒരു പെണ്ണായിരുന്നു. പേര് ഖദീജ. പ്രണയത്തിൻ്റെ പട്ടുപാതയൊരുക്കി പ്രവാചകനു മുന്നോട്ടു പോവാൻ  ഊർജം പകർന്നവൾ. ഇസ്ലാമിൻ്റെ ദ്വിതീയ പ്രമാണമായ ഹദീസുകളിൽ ആയിശ(റ) ഉൾപ്പടെയുള്ള സ്ത്രീകളുടെ സംഭാവന ചെറുതല്ല. മുസ്ലിം ലോകത്തെ പ്രഥമ യൂണിവേഴ്സിറ്റി സ്ഥാപിച്ചതും ഒരു പെണ്ണ്. പേര് ഫാത്വിമ ഫിഹ്രി.

എന്നിട്ടും ഇസ്ലാം സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ശരിയാണ്, ഫെമിനിസത്തിൻ്റെ അപ്രായോഗികമായ തുല്യതാവാദമൊന്നും ഇസ്ലാമിനില്ല. എന്നാൽ 'മഹത്തായ ഇന്ത്യൻ അടുക്കള'യിലേതുപോലെ അവളെ പാരതന്ത്ര്യത്തിൻ്റെ ചങ്ങലയിൽ ബന്ധിക്കുന്നുമില്ല. ലൈംഗികതക്കപ്പുറം ഒരു പുരുഷനും തൻ്റെ ഇണയിൽ നിന്ന് അവകാശപ്പെടാൻ യാതൊന്നുമില്ലെന്നു ഉറക്കെ പറഞ്ഞ മതമാണിസ്ലാം. മക്കളെ പോറ്റുന്നതും അടുക്കള പേറുന്നതും അവളുടെ ഔദാര്യം മാത്രം. വിദ്യാഭ്യാസവും തൊഴിലും അവൾക്ക് നിഷേധിക്കാൻ ആർക്കുമാവില്ല. ഇദ്ദ ഇരിക്കുന്ന സ്ത്രീക്കു പോലും, ആവശ്യമെങ്കിൽ തൊഴിലിനു പോകാനും പുറത്തിറങ്ങാനും അനുവദിക്കുന്ന കർമകാണ്ഡമാണ് ഇസ്ലാമിൽ ഉള്ളത്.

ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളിൽ പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ഇവിടെ മത സംഘടനകളൊന്നും എതിർത്തിട്ടില്ല. രാഷ്ട്രീയക്കാർ സീറ്റു വീതം വെക്കുമ്പോൾ വനിതകൾക്ക് ഇടം നൽകാൻ സാധിക്കാതെ വരുന്നതിൻ്റെ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടുന്നതിൽ അർഥമില്ല. വനിതകൾക്ക് തങ്ങൾ ഇടം നൽകാത്തത് മത സംഘടനകളെ പരിഗണിച്ചു കൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിൽ സത്യപ്രതിജ്ഞ
ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി,2570 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല ,പുതിയ പഠനം നടത്തണം