ഡോളര്‍ കടത്തുകേസ്; ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്യാന്‍ ഇഡിയും

By Web TeamFirst Published Mar 8, 2021, 11:29 AM IST
Highlights

ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി നേരത്തെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും. പ്രതികളുടെ രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് തീരുമാനം. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി നേരത്തെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.

സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്. 2019 ഓഗസ്റ്റ് എട്ടിന് കോണ്‍സുലേറ്റ് മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് മുഖേന നടത്തിയ ഡോളര്‍ക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതിനാലാണ് പ്രത്യേകം കേസെടുത്തത്. 

കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ വഴി ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പല തവണ ഇത്തരത്തില്‍ ഡോളര്‍ കടത്തിയതായി സ്വപ്നയും സരിതും നേരത്തെ തന്നെ അന്വേഷണ ഏജന്സികള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡോളര്‍ കള്ളക്കടത്തിന് കസ്റ്റംസ് ആദ്യം കേസെടുത്തതും പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതും.

ഈ രഹസ്യമെഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് കസ്റ്റംസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രഹസ്യമൊഴിയിലെ വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് മുമ്പ് മൊഴിപ്പകര്‍പ്പ് പങ്കുവെക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകള്‍ വെളിപ്പെടുത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതോടെ ഈ തടസ്സം നീങ്ങിയിരിക്കുകയാണ് .

മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം ആദ്യം സന്തോഷ് ഈപ്പന്‍റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാണ് ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ലൈഫ് മിഷനിലെ കോഴയുടെ ഭാഗമായാണ് ഐഫോണ്‍ സമ്മാനമായി നല്‍കിയത് എന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ  വിനോദിനിയേയും ഇഡി ചോദ്യം ചെയ്യും. 

click me!