സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം; ഉപയോഗിച്ചത് മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയതിന്‍റെ ദൃശ്യങ്ങള്‍

By Web TeamFirst Published Aug 20, 2019, 10:33 AM IST
Highlights

മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. 

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി രൂപതയുടെ അപവാദ പ്രചാരണം. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നതായാണ് സിസ്റ്റര്‍ ആരോപിക്കുന്നത്.  ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കുമെന്നും ലൂസി കളപ്പുര അറിയിച്ചു.

മാനന്തവാടി രൂപതയുടെ  പിആർഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിസ്റ്റര്‍ പറയുന്നു. സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്‍റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തിരക്കിയതും. ഇങ്ങനെ മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.

അതേസമയം, സിസ്റ്ററെ കാണാന്‍ ബന്ധുക്കള്‍ ഇന്ന് മഠത്തിലെത്തി. സിസ്റ്റര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

click me!