
കൊച്ചി: കേരളത്തിലേക്ക് വിദേശത്ത് നിന്നുളള ലഹരി പാഴ്സൽ (Drug Parcel) കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉല്പന്നങ്ങളുടെ പണം കൈമാറുന്നത് ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി വഴിയാണ്. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് ആശയവിനിമയം നടത്തുകയെന്നും വിവരങ്ങൾ പുറത്തു വന്നു.
ഇന്നലെ പിടികൂടിയ പ്രതികളുടെ ഫോണിൽ നിന്നാണ് വിശദാംശങ്ങൾ ലഭിച്ചത്. സ്പെയിൻ, ഖത്തർ, ഇറ്റലി, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് പാഴ്സൽ വന്നത്. കൊക്കെയ്ൻ ,ബ്രൗൺ ഷുഗർ, LSD, ഫോറിൻ സിഗററ്റ് എന്നിവയാണ് വിദേശത്തു നിന്ന് എത്തുന്നത്. ഫോറിൻ പാഴ്സൽ സർവ്വീസിൽ കാര്യമായ കസ്റ്റംസ് പരിശോധന നടക്കുന്നില്ല. സംശയം തോന്നുന്ന പാഴ്സലുകൾ കസ്റ്റംസ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ 100 ലധികം പാഴ്സലുകൾ കൊച്ചിയിൽ ഫോറിൻ പാഴ്സൽ സർവ്വീസിൽ മാറ്റി വച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ ഫസലു അയച്ച പാഴ്സസൽ പിടികൂടി. പാഴ്സെലിൽ നാല് എംഡിഎഎ ഗുളികകൾ ആണുള്ളത്. ഇത് ആകെ 2.17 ഗ്രാം വരും. ചേരാനെല്ലൂരിലെ പാഴ്സൽ കേന്ദ്രത്തിൽ നിന്നാണ് ഇത് പിടികൂടിയത്.
വിദേശത്തുനിന്നും പാഴ്സല്‍ വഴി ലഹരിമരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്ന സംഘത്തിലെ രണ്ട് പ്രധാനികളാണ് ഇന്നലെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഫസലുവിന് പുറമേ തിരുവനന്തപുരം സ്വദേശി ആദിത്യ ശിവപ്രസാദും ഇന്നലെ എക്സൈസിന്റെ പിടിയിലായി. പാഴ്സല്‍ വഴി ലഹരി കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
കൊച്ചി നഗരത്തിലെ ഇന്‍റർനാഷണല്‍ മെയില്‍ സെന്‍ററില്‍ ഇന്നലെ എത്തിയ പാഴ്സലുകളിലാണ് രാസലഹരിവസ്തുവായ എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്. 1.91 ഗ്രാം വരുന്ന 31 എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഒമാനില്‍നിന്നും നെതർലാന്‍റ്സില്‍നിന്നും എത്തിയ പാഴ്സലുകളിലുണ്ടായിരുന്നത്. ഫസലു, ആദിത്യ ശിവപ്രസാദ് എന്നിവർക്കായാണ് പാഴ്സലുകളെത്തിയിരുന്നത്. കൊച്ചി എക്സൈസ് ഉടന്‍ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
രാവിലെ കോഴിക്കോട് മാങ്കാവിലെ ഫസലുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധന നടത്തവേ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ്. 83 എല്‍എസ്ഡി സ്റ്റാമ്പ് , ഒന്നരകിലോയോളം ഹാഷിഷ് ഓയില്‍, കൊക്കെയ്ന്‍, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകൾ ഫസലു നേരത്തെ ഗൾഫില്‍നിന്നും പാഴ്സല്‍ വഴി സംസ്ഥാനത്തേക്ക് എത്തിച്ചതാണ്. ഇയാളുമായി നേരത്തെ ലഹരി ഇടപാട് നടത്തിയ മട്ടാഞ്ചേരി സ്വദേശി ഗോവിന്ദരാജിനെ ഉച്ചയോടെ എക്സൈസ് പിടികൂടി.
വൈകീട്ടോടെ നെതർലാന്‍ഡ്സില്‍നിന്നും പാഴ്സലെത്തിച്ച തിരുവനന്തപുരം തച്ചോട്ട്കാവ് സ്വദേശി ആദിത്യ ശിവപ്രസാദിനെയും സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സമെന്‍റ് പിടികൂടി. ആദിത്യ ശിവപ്രസാദ് കഴിഞ്ഞ നവംബറില്‍ വഞ്ചിയൂരില്‍വച്ച് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്‍റ് സർക്കിൾ ഇന്‍സ്പെക്ടർ അനികുമാറിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. മൂന്നുേപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളില്‍ പക്കല്‍നിന്നും ലഹരിവാങ്ങിയവരെയും മറ്റ് കണ്ണികളെയും കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam