എസ്എൻ കോളേജ് സുവർണ ജൂബിലി അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഉടൻ

By Web TeamFirst Published Jul 7, 2020, 8:27 AM IST
Highlights

1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളേജ്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്.

കൊല്ലം: കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി അഴിമതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഉടൻ. കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് മേധാവി അനുമതി നൽകി. കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. നാളെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. രണ്ടാഴ്ച്ചയ്ക്കകം കുറ്റപത്രം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളേജ്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. ആഘോഷകമ്മിറ്റിയുടെ കൺവീനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. 
എന്നാൽ ആരും പരസ്യമായി ചോദ്യംചെയ്തില്ല. 

തുടർന്ന് ട്രസ്റ്റ് അംഗമായ പി  സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്‍റ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണ്ണമായി തള്ളി. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ  ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയായിരുന്നു. 

click me!