പാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

Published : Apr 27, 2026, 10:55 AM IST
snakebite

Synopsis

ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പാമ്പ് കടിയേറ്റ് ചികിത്സ തേടി. കോഴിക്കോട് ഒരു വീട്ടിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പ്രദേശത്ത് വലിയ ഭീതി പരത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ കായംകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആലപ്പുഴ, ചേർത്തല തണ്ണീർമുക്കം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് പാമ്പിന്റെ കടിയേറ്റു. ഇവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, തിരുവനന്തപുരം ചിറയൻകീഴ് വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭുവന ചന്ദ്രനാണ് പാമ്പുകടിയേറ്റത്. ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് 22 വയസുകാരനും പാമ്പുകടിയേറ്റു. കോഴിക്കോട് പൂനൂര്‍ സ്വദേശി മുഹമ്മദ് അൻസാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്.

മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഇന്ന് രാവിലെയാണ് പാമ്പ് കടിയേറ്റത്. യുവതിയെ താലൂക്ക് ആശുപത്രിയിൽ കാണിച്ചശേഷം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷഹല അബോധാവസ്ഥയിൽ ഐസിയുവിലാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെൻ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീത എന്ന സ്ത്രീയ്ക്കാണ് രാവിലെ പാമ്പ് കടിയേറ്റത്. വീട്ട് പറമ്പിലെ പുല്ല് പറക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തന്നെ താണിശ്ശേരി കനാൽ ബണ്ടിന് സമീപത്ത് വെച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷ് എന്നയാൾക്ക് കടിയേറ്റത്. കിണർ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ജോലിയ്ക്കായി സാധനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി താണിശ്ശേരിയിൽ എത്തിയതാണ്. സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോ‌ടതി, ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല
ആയുധം ഉപയോഗിച്ചെന്ന് ഞാൻ പറഞ്ഞിട്ടില്ല, മന്ത്രി അവശയായിരുന്നു; വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ സ്പീക്കറുടെ വിശദീകരണം