
തിരുവനന്തപുരം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനത്തിലും വെള്ളാപ്പള്ളി മറുപടി നൽകി. താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താൻ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞാണ് വെള്ളാപ്പള്ളി സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് ആവര്‍ത്തിച്ചത്. വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ടെന്ന് സിപിഐ യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വര്‍ക്കല ശിവഗിരി മഠത്തിന്‍റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. പ്രതികരണത്തിന്‍റെ ഒടുവിലായി മാധ്യമങ്ങളോട് വെള്ളാപ്പള്ളി നടേശൻ ക്ഷുഭിതനായി. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയപ്പോഴായിരുന്നു ക്ഷുഭിതനായത്. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു. വര്‍ഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുശേഷമാണ് പ്രകോപിതനായി സ്ഥലത്ത് നിന്ന് വെള്ളാപ്പള്ളി പോയത്.
സിപിഐയ്ക്കെതിരായ വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. എൽഡിഎഫിന്‍റെ മുഖമല്ല വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെ തന്‍റെ കാറിൽ കയറ്റില്ലെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam